ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ സർക്കാർ ക്വാർട്ടേഴ്സ് ദുരുപയോഗം ചെയ്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ആക്ഷേപം. ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ചില സ്പെഷലിസ്റ്റ് ഡോക്ടർമാരാണ് സർക്കാർ സംവിധാനം ദുരുപയോഗിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. ആശുപത്രിയിലെ ചികിത്സ ഉച്ചക്ക് രണ്ട് മണിയോടെ അവസാനിപ്പിക്കുന്ന ഇവർ പിന്നീട് ആശുപത്രിക്ക് തൊട്ടുമുന്നിൽ തന്നെയുള്ള സർക്കാർ ക്വാർട്ടേഴ്സിൽ സ്വകാര്യ ചികിത്സ നടത്തുകയാണ്. ഉച്ചക്കുശേഷം വിദഗ്ധ ചികിത്സ തേടിയെത്തുന്ന രോഗികൾ ക്വാർട്ടേഴ്സിലെത്തി ഫീസ് നൽകി ഡോക്ടർമാരെ കാണേണ്ട അവസ്ഥയാണ്.
മതിയായ സൗകര്യങ്ങളുണ്ടായിട്ടും താലൂക്കാശുപത്രിയിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഉത്തരവാദിത്തമില്ലായ്മ രോഗികളെ വലക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ പേരിനുമാത്രം ചികിത്സ നൽകുകയും സ്വകാര്യ പ്രാക്ടീസിന് കൂടുതൽ പ്രാമുഖ്യം നൽകുകയുമാണ് ചില ഡോക്ടർമാർ. സ്വകാര്യ ചികിത്സ നടത്തുന്നിടത്തെത്തി ‘കാണേണ്ട പോലെ കണ്ടാലേ’ സർക്കാർ ആശുപത്രിയിൽ മതിയായ പരിഗണന ലഭിക്കൂവെന്ന സാഹചര്യമാണെന്ന് രോഗികൾ പറയുന്നു.
ഒരു മാസം മുമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ചിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ദമ്പതിമാർക്കെതിരെ ചികിത്സ പിഴവിന് കേസെടുത്തതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല.
ശിശുരോഗ വിദഗ്ധനായ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ സ്വകാര്യ ചികിത്സക്കാണ് പ്രധാന്യം നൽകുന്നതെന്നും പരാതിയുണ്ട്. ആശുപത്രിക്ക് മുന്നിൽ തന്നെയുള്ള മെഡിക്കൽ ഷോപ്പുകളിലും ലാബുകളിലുമൊക്കെ ബുക്കിങ് സൗകര്യമൊരുക്കിയാണ് ഇവരുടെ പ്രവർത്തനം. രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടു വരെയാണ് ഒരു ഡോക്ടറുടെ ഡ്യൂട്ടി സമയമെന്നിരിക്കെ പലരുമെത്തുന്നത് 10 മണിക്കും 11നുമൊക്കെയാണ്. പഞ്ചിങ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കാര്യങ്ങളെല്ലാം തോന്നുംപടിയാണെന്നാണ് രോഗികളുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.