ചിറ്റൂർ: േകാവിഡ് സാഹചര്യത്തിൽ ചിറ്റൂരിൽ നിലവിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്നത് 50,000ൽ താഴെ ലിറ്റർ കള്ള് മാത്രമാണ്. എന്നാൽ, ജില്ലാതിർത്തി കടക്കുന്നത് മൂന്ന് ലക്ഷത്തിലേറെ ലിറ്ററും. ഇതെങ്ങനെ സാധ്യമാവുന്നുവെന്നതിന് ഉത്തരം തേടിയാൽ ചെന്നെത്തുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ ബന്ധങ്ങളിലേക്കാണ്. തെക്കൻ ജില്ലകളിൽനിന്ന് ചിറ്റൂരിലെത്തി തെങ്ങിൻ തോപ്പുകളിൽതന്നെ താമസിച്ച് തെങ്ങ് ചെത്തുന്ന പതിനയ്യായിരത്തോളം യൂനിയൻ അംഗീകൃത ചെത്തുതൊഴിലാളികളും ആയിരത്തഞ്ഞൂറോളം തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുമാണ് ഇവിടെയുള്ളത്.
എന്നാൽ, കോവിഡിനെത്തുടർന്ന് ഒരു വർഷത്തിലേറെയായി മൊത്തം തൊഴിലാളികളിൽ 5000ൽ താഴെ പേർ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. എന്നാൽ, ഇവിടെനിന്ന് കയറ്റിയയക്കുന്ന കള്ളിൽ കുറവ് വന്നിട്ടുമില്ല. ഇത് വിരൽ ചൂണ്ടുന്നത് വ്യാജ കള്ള് നിർമാണത്തിലേക്കാണ്. അതിർത്തിയോടു ചേർന്നു കിടക്കുന്നതു കൊണ്ടുതന്നെ സ്പിരിറ്റോ മറ്റ് രാസവസ്തുക്കളോ എത്തിക്കുന്നതിനോ സംഭരിക്കുന്നതിനോ ഒരു പ്രശ്നവുമുണ്ടാവാറില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന സ്ഥലമെന്ന ഖ്യാതി ചിറ്റൂരിനാണ്.
തമിഴ്നാട്ടിനോട് ചേർന്ന് കിടക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിൽ 12000 ഹെക്ടറിലായാണ് തെങ്ങുകൃഷി. കൃഷി വകുപ്പിെൻറ കണക്കുകൾ പ്രകാരം 20 ലക്ഷം തെങ്ങുകൾ ചിറ്റൂർ ബ്ലോക്കിലുണ്ട്. ഇതിൽ 1.5 ലക്ഷം തെങ്ങുകൾക്ക് വൃക്ഷക്കരം ഈടാക്കി കള്ള് ചെത്തുന്നതിന് എക്സൈസ് വകുപ്പ് അനുമതി നൽകിയിട്ടുമുണ്ട്. ഇതിൽ തന്നെയാണ് കള്ളക്കളികൾ ഏറെയും നടക്കുന്നത്. അംഗീകൃത ചെത്തുതൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങളും വേതനവും ഏറെയാണെന്നിരിക്കെ കൃത്രിമത്വങ്ങളില്ലെങ്കിൽ കള്ള് വ്യവസായം ലാഭകരമാകില്ലെന്നതാണ് യാഥാർഥ്യം. മറ്റ് ജില്ലകളിലേക്ക് പോവുന്ന കള്ളിൽ കൃത്രിമം നടത്തുന്നുണ്ടോ എന്ന് നിലവിൽ ഒരു പരിശോധനയും എക്സൈസ് വകുപ്പ് നടത്തുന്നില്ല. വൃക്ഷക്കരം അടയ്ക്കുന്നതിെൻറ അടിസ്ഥാനത്തിൽ ലഭിക്കുന്ന പെർമിറ്റ് പ്രകാരമുള്ള അളവിലും കൂടുതൽ കള്ള് കൊണ്ടുപോവുന്നുണ്ടോ എന്ന് മാത്രമാണ് പരിശോധന.
ചെത്തിയെടുത്ത് ഇടനിലക്കാർ
പെർമിറ്റെടുത്തവരും രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദവും കള്ള് വ്യവസായത്തിൽ കോടികൾ കൊയ്യുമ്പോൾ തൊഴിലാളികളിൽ പാതിയും ദുരിതത്തിലാണ്. യൂനിയൻ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയെത്തി തൊഴിൽ ചെയ്യുന്നവർക്ക് ചെറിയ വേതനം മാത്രമാണ് ലഭിക്കുന്നത്. ഒരു ലിറ്റർ കള്ളിന് അംഗീകൃത തൊഴിലാളിക്ക് 54 രൂപ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് ലഭിക്കുന്നത് 20 രൂപയിൽ താഴെ.
യൂനിയൻ തൊഴിലാളികളെ ഉപയോഗിച്ച് കള്ള് ചെത്തിയാൽ നഷ്ടക്കച്ചവടമാവുമെന്നതുകൊണ്ട് തന്നെ മറ്റുള്ളവരെയാണ് ചെത്ത് തൊഴിലിന് കൂടുതലായും നിയോഗിക്കുന്നത്. ചെത്തുതൊഴിലാളികളുണ്ടെന്ന പേരിൽ കള്ള് കയറ്റി അയക്കുന്നതിൽ ഭൂരിഭാഗവും അതുകൊണ്ടുതന്നെ വ്യാജക്കള്ളാണ്. ഇടനിലക്കാരാണ് നിയന്ത്രണം മുഴുവൻ. ഗേറ്റ് പാസ്സിൽ എഴുതി െവച്ചിരിക്കുന്നതിനും ചെത്തിയുണ്ടാക്കുന്ന കള്ളിേൻറയും വിവിധ റേഞ്ചുകളിലേക്ക് അയക്കുന്ന കള്ളിേൻറയും കണക്കുകൾ വിഭിന്നമാണ്.
പല തോപ്പുകളിലും 100-150 തെങ്ങുകൾ ചെത്തുന്നത് രണ്ട്-മൂന്ന് തൊഴിലാളികൾ മാത്രം. ഉൽപാദനം 75 മുതൽ 100 ലിറ്റർ വരെയെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ ഇവിടങ്ങളിൽനിന്നും കയറ്റി പോകുന്നത് മൂന്നിരട്ടിയോ നാലിരട്ടിയോ ആണ്. പെർമിറ്റിെൻറ മറവിൽ നടക്കുന്നത് വ്യാജ കള്ള് ഉൽപാദനവും വിപണനവുമാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. വസ്തുത കണ്ടെത്താനു ള്ള കാര്യക്ഷമമായ പരിശോധന നടക്കാറില്ല. അല്ലെങ്കിൽ അധികൃതരുടെ മൗനാനുവാദം ഇതിനു പുറകിലുണ്ട് എന്നു വേണം കരുതാൻ.
ഒറിജിനലിനെ വെല്ലും വ്യാജൻ
മുമ്പ് കള്ള് ഷാപ്പുകളിൽനിന്ന് നേരിട്ട് സാമ്പിൾ പരിശോധനക്ക് എടുത്തിരുന്നുവെങ്കിലും കോവിഡിനെത്തുടർന്ന് അതും നടക്കുന്നില്ല. അതുകൊണ്ടു തന്നെ വ്യാജക്കള്ള് ഉൽപാദനം വ്യാപകമായി നടക്കുകയാണ്. ഷാപ്പ് ലേലത്തിലൂടെയും വൃക്ഷക്കരത്തിലൂടെയും കോടികളാണ് ഓരോ വർഷവും സർക്കാർ ഖജനാവിലെത്തുന്നത്. എന്നാൽ, കള്ള് വ്യവസായത്തിലെ വ്യാജനെ ഇല്ലാതാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് വാസ്തവം. ഒരൽപ്പം കള്ളുണ്ടെങ്കിൽ എത്ര വേണമെങ്കിലും ഉണ്ടാക്കാൻ ഇവർക്കറിയാം. വീര്യം കൂട്ടാൻ സ്പിരിറ്റും മധുരത്തിന് സാക്കറിനും കൂടിയായാൽ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ തയ്യാർ. അധികൃതരുടെ മൗനാനുവാദവും രാഷ്ട്രീയ പിൻബലവും കൂടിയാവുമ്പോൾ വ്യാജ കള്ള് നാട്ടിൽ സുലഭം. വടക്കഞ്ചേരി അണക്കപ്പാറയിലെ കേന്ദ്രത്തിൽ മോേട്ടാറുകൾ െവച്ചായിരുന്നു വ്യാജ കള്ള് ഉൽപാദനം.
ചില രാഷ്ട്രീയ നേതാക്കൾക്ക് പണമുണ്ടാക്കാനുള്ള പ്രധാന മാർഗമാണ് കള്ള് വ്യവസായം. ചിറ്റൂരിൽ നിന്നും കയറിപ്പോവുന്ന ഓരോ ലിറ്റർ കള്ളിനും ഭരണപക്ഷത്തെ ചിലർക്ക് നിശ്ചിത തുക നൽകാതെ കൊണ്ടുപോവാനാവില്ലെന്നത് അലിഖിത നിയമമാണ്.
കള്ളിൽ മറിമായം,
കൈനിറയെ പണം
വടക്കഞ്ചേരി അണക്കപ്പാറയിൽ കള്ള് ഗോഡൗണിെൻറ മറവിൽ നടന്ന വ്യാജൻ നിർമാണം എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടിച്ചേതാടെ കടുത്ത പ്രതിരോധത്തിലാണ് ജില്ല എക്സൈസ്. ഇൻറലിജൻസും ജില്ല എക്സൈസ് അധികൃതരും കുറ്റം പരസ്പരം കെട്ടിവെക്കാൻ ശ്രമിക്കുന്നുണ്ട്. വകുപ്പുതലത്തിൽ കൂടുതൽ അന്വേഷിച്ചാൽ മാസപ്പടി വാങ്ങിയവരുടെ പട്ടിക വലുതാകുമെന്ന് ഉറപ്പായപ്പോൾ റേഞ്ചിലും സർക്കിളിലും നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കുകയും ചെയ്തു.
കള്ളു വ്യവസായികളുടെ പണംപറ്റുന്ന രാഷ്ട്രീയ പാർട്ടികൾക്കും പ്രശ്നം വിവാദമാക്കാൻ താൽപര്യമില്ല. രമ്യ ഹരിദാസ് എം.പിയും പ്രദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകരും എക്സൈസ് ചെക്ക്പോസ്റ്റ് പടിക്കൽ ധർണ നടത്തിയെന്നല്ലാതെ ജില്ല യു.ഡി.എഫിെൻറ ഭാഗത്തുനിന്നും കൂട്ടായ പ്രതിഷേധംപോലും ഉണ്ടായില്ല.
ഭരണപക്ഷ പാർട്ടികളും ലോബിക്ക് കുട പിടിക്കുകയാണ്. എൻഫോഴ്സ്മെൻറ് അന്വേഷണം പ്രമുഖ അബ്കാരികളിലേക്ക് നീളുമെന്നായപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് ഇതിന് തെളിവാണ്. പ്രധാന പ്രതികളായ സോമശേഖരൻ, സുഭേഷ്, വിൻസൻറ് എന്നിവരെ പിടികൂടാൻപോലും എക്സൈസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.