ചിറ്റൂർ: പരമ്പരാഗത കള്ള് വ്യവസായത്തിന്‍റെ മറവിൽ കോടികൾ വാരി ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ട്. നിയന്ത്രിക്കാനാരുമില്ലാതെ വ്യാജ മാഫിയകൾ പിടിമുറുക്കുന്നു.
അതിർത്തി പ്രദേശങ്ങളിലെ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമെല്ലാം സ്പിരിറ്റെത്തിച്ച് നിർബാധം കള്ളിൽ കലക്കി വിൽപന നടത്തുമ്പോൾ നിയന്ത്രിക്കേണ്ടവർ തന്നെ ചുക്കാൻ പിടിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
ചിറ്റൂരിലെ എക്സൈസ്-രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ സ്വാധീനം മൂലം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനകളൊന്നും നടത്തുന്നില്ലെന്നതാണ് യാഥാർഥ്യം.
സ്പിരിറ്റോ വ്യാജ കള്ളോ പിടികൂടണമെങ്കിൽ മറ്റ് ജില്ലകളിൽനിന്നോ സംസ്ഥാന എൻഫോഴ്സ്മെൻറ് ടീമോ രംഗത്തെത്തണമെന്നതാണ് നിലവിലെ അവസ്ഥ. പലപ്പോഴും പാതിരാത്രികളിലെത്തി പരിശോധന നടത്തുന്ന പ്രത്യേക സംഘങ്ങൾ സ്പിരിറ്റോ വ്യാജ കള്ളോ പിടികൂടിയതിനുശേഷം മാത്രമേ ബന്ധപ്പെട്ട എക്സൈസ് ഓഫിസുകളിൽ അറിയിക്കുകയുള്ളൂ.
റെയ്ഡിനെക്കുറിച്ച് ചെറിയ സൂചനയെങ്കിലും ജില്ലയിലെ ചില എക്സൈസ് ഓഫിസുകളിൽ ലഭിച്ചാൽ വിവരം ചോരുമെന്നുറപ്പ്. മൂന്നുദിവസത്തിനിടെ അതിർത്തിയിലെ വിവിധ ഇടങ്ങളിൽനിന്ന് പിടികൂടിയത് 3,700ലേറെ ലിറ്റർ സ്പിരിറ്റാണ്. പിടികൂടിക്കഴിഞ്ഞ് സ്റ്റേറ്റ് എൻഫോഴ്സ്മെൻറ് ടീം അറിയിക്കുമ്പോഴാണ് ചിറ്റൂരിലെ ഉദ്യോഗസ്ഥർ അറിയുന്നതുതന്നെ.
ഓരോ ദിവസവും ചിറ്റൂരിൽ നിന്നുപോവുന്ന കള്ള് ജില്ല അതിർത്തിയിൽതന്നെ പരിശോധന നടത്തുന്നുണ്ടെന്നാണ് വെപ്പ്. കൃത്യമായ ഇടവേളകളിൽ സംസ്ഥാനത്തെ ഓരോ ഷാപ്പുകളിൽനിന്ന് സാമ്പിൾ പരിശോധനയ്ക്കെടുക്കാറുമുണ്ട്.
അങ്ങനെയെങ്കിൽ വ്യാജ കള്ളിന്‍റെ ഉറവിടം എവിടെ നിന്നാണെന്നത് മാത്രമല്ല, ഏത് തെങ്ങിൻതോപ്പിൽ നിന്നാണെന്നുപോലും തിരിച്ചറിയാനുള്ള സംവിധാനങ്ങൾ എക്സൈസ് വകുപ്പിനുണ്ട്. എന്നാൽ, പരിശോധന വിവരം ചോർത്താൻ വകുപ്പിൽതന്നെ ആളുകളുള്ളപ്പോൾ ഒന്നും പേടിക്കാനില്ല.
പല തോപ്പുകളിലും 100-150 തെങ്ങുകൾ ചെത്തുന്നത് രണ്ട്-മൂന്ന് തൊഴിലാളികൾ മാത്രം. ഉൽപാദനം 75 മുതൽ 100 ലിറ്റർ വരെയെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ, ഇവിടങ്ങളിൽനിന്നും കയറ്റി പോകുന്നത് മൂന്നിരട്ടിയോ നാലിരട്ടിയോ കള്ളാണ്.
പെർമിറ്റിന്റെ മറവിൽ നടക്കുന്നത് വ്യാജ കള്ള് ഉൽപാദനവും വിപണനവുമാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പെർമിറ്റിന്റെ മറവിൽ കള്ള് ചെത്ത് മേഖലയിൽ കാലങ്ങളായി നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനം പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായത്തെ തകർക്കുന്നതും ഇതിനെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതുമാണ്.
വസ്തുത കണ്ടെത്താനുള്ള പരിശോധന നടക്കാറില്ല. അല്ലെങ്കിൽ അധികൃതരുടെ മൗനാനുവാദം ഇതിനുപിറകിലുണ്ട് എന്നുവേണം കരുതാൻ.
വിവരം ചോരാതിരിക്കാൻ പഴുതടച്ച നീക്കങ്ങളാണ് ഇൻറലിജൻസ്, എൻഫോഴ്സ്മെൻറ് സംഘങ്ങൾ നടത്തിയത്. 11ന് വെളുപ്പിന് അതിർത്തിയിലെ തെങ്ങിൻതോപ്പുകളിൽ പരിശോധന നടക്കുമ്പോൾ ജില്ലയിലെ ഉൾപ്പെടെ രാഷ്ട്രീയ ബന്ധങ്ങളുള്ള ഉദ്യോഗസ്ഥരെല്ലാം എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളത്തായിരുന്നു.
രാഷ്ട്രീയ ഇടപെടൽ സാധ്യതയെ മുളയിലേ നുള്ളാനുള്ള ഈ നീക്കം നിർണായകമായി. 25 കന്നാസുകളിലായി സൂക്ഷിച്ച 875 ലിറ്റർ ഒരിടത്തുനിന്ന് പിടികൂടുകയും പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും മറ്റൊരു 595 ലിറ്റർ കൂടി അന്നുതന്നെ പിടികൂടി. രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നെങ്കിൽ ഇത് സാധ്യമാവില്ലെന്നുറപ്പ്.
ചിറ്റൂർ: രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ, റേഞ്ച് ഇൻസ്പെക്ടർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. സർക്കിൾ ഇൻസ്പെക്ടറായ ഡി. അരുണിനെ ഇടുക്കിയിലേക്കും റേഞ്ച് ഇൻസ്പെക്ടറായ അശ്വിൻ കുമാറിനെ കുമ്പളയിലേക്കുമാണ് സ്ഥലം മാറ്റിയത്.
എക്സൈസ് കമീഷണർ എസ്.എ അനന്തകൃഷ്ണനാണ് ഉത്തരവിറക്കിയത്. രണ്ടുദിവസങ്ങളിലായി കിഴക്കൻ മേഖലയിലെ വിവിധയിടങ്ങളിൽ സ്പിരിറ്റ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റമെന്നാണ് അറിയുന്നത്. ചിറ്റൂരിലെ എക്സൈസ് വകുപ്പ് നിഷ്ക്രിയമാണെന്ന ആരോപണം കഴിഞ്ഞദിവസങ്ങളായി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.