ചിറ്റൂർ: ക്വാറി മാഫിയകൾക്കെതിരെ ചെറുവിരലനക്കാതെ സർക്കാർ വകുപ്പുകൾ. പരിസ്ഥിതി ലോല പ്രദേശമായ മുതലമടയിൽ അനധികൃതമായി പ്രവർത്തിക്കുന്നത് 15ലേറെ ക്വാറികൾ. എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കേണ്ട റവന്യൂ, മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പുകളും പൊലീസും പരിസ്ഥിതി ചൂഷണം കണ്ടില്ലെന്ന് നടിക്കുന്നു.
വ്യാപകമായ അളവിലാണ് ഇവിടെ ക്വാറികൾ പ്രവർത്തിക്കുന്നതെന്നത് നടത്തിപ്പുകാരിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നിരവധി തവണ പരാതിയുമായി ഉന്നത പൊലീസ്, റവന്യൂ അധികാരികളെ സമീപിച്ചെങ്കിലും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയ ദേദമന്യേ എല്ലാവരുടെയും പിന്തുണ ക്വാറി മാഫിയകൾക്കാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പേരിനൊരു സ്റ്റോപ്പ് മെമ്മോ നൽകിയതൊഴിച്ചാൽ ഒരു നടപടിയും റവന്യൂ വകുപ്പ് കൈക്കൊണ്ടില്ല.
മാസങ്ങൾക്ക് മുമ്പ് മുതലമട 1 വില്ലേജ് ഓഫിസർ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും തഹസിൽദാർക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
സ്റ്റോപ്പ് മെമ്മോയിലെ തുടർ നടപടിയെന്ന നിലയിൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകാൻ തഹസിൽദാർക്കും വില്ലേജ് ഓഫിസർക്കും അധികാരമുണ്ടെന്നിരിക്കെ അതിനു തയ്യാറാവാതെ ക്വാറി മാഫിയകൾക്ക് ഒത്താശ ചെയ്യുകയാണ് റവന്യൂ അധികൃതർ ചെയ്യുന്നത്. വില്ലേജ് ഓഫിസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും വാദം. എന്നാൽ ഇത്തരത്തിൽ വകുപ്പുകൾ പരസ്പരം പഴിചാരുമ്പോൾ ക്വാറികൾ അനുസ്യൂതം പ്രവർത്തനം തുടരുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.