പാലക്കാട്: ഒറ്റദിവസം ഒരാൾ അട്ടപ്പാടിയിൽ രജിസ്ട്രേഷൻ നടത്തിയത് 10 ആധാരങ്ങൾ. ആദിവാസികൾ അന്യാധീനപ്പെട്ടുവെന്ന് പരാതി നൽകിയ ഭൂമിയിലാണ് ഈ ആധാരങ്ങൾ നടത്തിയത്. 2022, 2023, 2024 കാലത്ത് മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ഭാഗത്തെ ആദിവാസി ഭൂമിക്ക് വ്യാപകമായി രജിസ്ട്രേഷൻ നടന്നുവെന്നാണ് റവന്യൂ ഫയലുകൾ വ്യക്തമാക്കുന്നത്. ഷോളയൂർ വില്ലേജിൽ വ്യാപകമായി ഭൂമി കൈയേറ്റം നടക്കുന്നതായി മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ഊരുകളിലെ ആദിവാസികൾ പരാതി നൽകിയിട്ടുണ്ട്. സർവേ നമ്പറുകളും ആദിവാസികൾ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണം ഷോളയൂർ വില്ലേജ് ഓഫിസിൽ ഒതുങ്ങി.
2023 ഏപ്രിൽ 24ന് കോയമ്പത്തൂർ, എ.ബി.ഐ ഫാംസ് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാനപനത്തിന്റെ ഡയറക്ടറുടെ പേരിൽ 10 ആധാരമാണ് ഒരേ ദിവസം നടത്തിയത്. ഭൂപരിഷ്കരണ നിയമം മറികടക്കനാണ് ഫാമിന്റെ പേരിൽ ഭൂമി വാങ്ങിയത്. അതേസമയം, താലൂക്ക് ലാൻഡ് ബോർഡിൽനിന്ന് ഇവർ ഭൂപരിധിയിൽ ഇളവ് ലഭിച്ചിട്ടുമില്ല.
സർവേ നമ്പർ 1856/1 ൽ 5.30 ഏക്കർ രങ്കസ്വാമിയിൽനിന്ന് ഉമ ശേഖർ വാങ്ങി. സർവേ നമ്പർ 1856/2 മണ്ണാര്‍ക്കാട് മൂപ്പില്‍ നായരിൽനിന്ന് 2. 07 ഏക്കറും സർവേ നമ്പർ 1856/3ൽ കുട്ടിയണ്ണനാക്കനിൽനിന്ന് 3.58 ഏക്കറും സർവേ 1855/ 1ൽ മാരണനാക്കനിൽനിന്ന് അഞ്ച് ഏക്കറും സർവേ1855/ 3ൽ ചിന്നണ്ണനാക്കനിൽനിന്ന് 3.26 ഏക്കറും 1854/ 1ൽ കണ്ണച്ചനിൽനിന്ന് 1.97 ഏക്കറും ഉമാ ശേഖർ വിലക്ക് വാങ്ങി.
സർവേ 1854/ 2ൽ നഞ്ചമ്മാളിൽനിന്ന് 1.72 ഏക്കറും സർവേ1853/1ൽ കെമ്പണ്ണനാക്കനിൽനിന്ന് 1. 76 ഏക്കറും സർവേ 1853/2ൽ പപ്പണ്ണനാക്കനിൽനിന്ന് 2.46 ഏക്കറും സർവേ 1852/1ൽ കെമ്പണ്ണനാക്കനിൽനിന്ന് 1.96 ഏക്കറും സർവേ 1851ൽ വലിയപൊന്നിയമ്മാള് 2.16 ഏക്കറും എ. ഉമാ ശേഖറിന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തുവെന്നാണ് റവന്യൂ രേഖകൾ വ്യക്തമാക്കുന്നത്.
ഏകദേശം 27 ഏക്കറോളം ഭൂമിയാണ് കൈമാറ്റം നടത്തിയതെന്ന് രേഖകളിൽ കാണാം. ഇതിനടുത്തുള്ള സർവേ നമ്പറിൽ മൂവാറ്റുപുഴ, പെരുമ്പല്ലൂര്‍ മൈലോത്ത് സ്വദേശി ബോബി മാത്യു ആറ് ആധാരങ്ങളും നടത്തി. 2023 മാർച്ച് 30ന് മൂന്ന് ആധാരങ്ങളാണ് രജിസ്റ്റർ നടത്തിയത്.
സർവേ നമ്പർ 1849/1 കുപ്പണ്ണനാക്കന്റെ 2.50 ഏക്കർ, 1849/2ലെ കുപ്പണ്ണനാക്കന്റെ 1.77 ഏക്കർ, 1849/3ലെ രാമനാക്കന്റെ 2.50 ഏക്കറും ബോബി മാത്യു വാങ്ങിയതായി ആധാരമുണ്ട്. 2023 ഏപ്രിൽ 26ന് മൂന്ന് ആധാരങ്ങൾ നടത്തി. ഭൂമി വാങ്ങിയ കോയമ്പത്തൂർ, എറണാകുളം സ്വദേശികൾക്ക് അട്ടപ്പാടിയിൽ ആധാർ കാർഡോ, റേഷൻ കാർഡോ ഇല്ലെന്നും ഇവർ ആദിവാസി മേഖലകളിൽ താമസിക്കുന്നവരെല്ലെന്നും ആദിവാസികൾ പരാതിയിൽ ചൂണ്ടിക്കാണിച്ചു.
സർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ സർവേ നടത്തുകയാണെങ്കിൽ ഷോളയൂർ വില്ലേജിലെ ഈ ആധാരങ്ങൾ പ്രകാരം ഭൂമി വിലക്ക് വാങ്ങിയവരുടെ കൈവശമാകുമെന്നാണ് ആദിവാസികളുടെ ഭയം. നിലവിൽ ഈ ഭൂമി തേടി ആരും എത്തിയിട്ടില്ല. ആദിവാസികൾ നൽകിയ പരാതിക്ക് സർവേ നടത്തിയാലേ ഭൂമി തിരിച്ചറിയാൻ കഴിയൂ എന്നാണ് ഷോളയൂർ വില്ലേജ് ഓഫിസർ നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.