പാലക്കാട്: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്കി 2024-25 വര്‍ഷത്തെ ജില്ല പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 202,22,20,534 രൂപ വരവും 187,08,55,000 രൂപ ചെലവും 15,13,65,534 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും.
ജില്ലയിലെ പ്രധാന വിളയായ നെൽകൃഷിക്ക് നൽകുന്ന ഉഴുവുകൂലി ഈ സാമ്പത്തികവർഷവും തുടരാനും ജില്ലയിലെ സീഡ് ഫാമുകളില്‍നിന്ന് മികച്ചയിനം നെല്‍വിത്ത് തിരഞ്ഞെടുത്ത് ഞാറ്റടി തയാറാക്കി, യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത പാടശേഖരങ്ങളില്‍ എത്തിക്കുന്ന ഞാറ്റടി പദ്ധതിക്ക് രൂപം നല്‍കുന്നതിന് തുക നീക്കിവെച്ചിട്ടുണ്ട്. സന്നദ്ധതയുള്ള രണ്ട് പാടശേഖരങ്ങളിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഞാറ്റടി പദ്ധതി നടപ്പാക്കുക. ഇതിനായി പാടശേഖര സമിതി ഭാരവാഹികളുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 10 ലക്ഷം രൂപ നീക്കിവെച്ചു. ഫാമുകളുടെ ആധുനികവത്കരണം ഈ വര്‍ഷവും തുടരും. ഈ വര്‍ഷം മുതലമട, ആലത്തൂര്‍ ഫാമുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. ബഹുവര്‍ഷ പദ്ധതിയില്‍ ആദ്യ വര്‍ഷത്തേക്ക് മൂന്ന് കോടി വകയിരുത്തിയിട്ടുണ്ട്.
ഫാം ടൂറിസത്തിന് ഊന്നല്‍ നല്‍കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് പുത്തന്‍ അനുഭവവും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാനുമാകുന്ന തരത്തില്‍ പദ്ധതി വികസിപ്പിക്കും. സൗരോര്‍ജ വേലി, പാല് സബ്സിഡി, മത്സ്യകൃഷി വികസനം, ആദിവാസി കൃഷി തുടങ്ങിയവയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കും. കാര്‍ഷിക മേഖലക്കായി 20 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
തൊഴിലുറുപ്പിൽ ആവർത്തന സ്വഭാവമുള്ള പദ്ധതികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ജില്ലയിലെ നെൽകർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഡാമുകളിൽ കൃഷിക്ക് വെള്ളം തുറന്നാലും സമയബന്ധിതമായി പാടശേഖരങ്ങളിൽ എത്തുന്നതിനുള്ള കാലതാമസം. ജലസേചനകനാലുകളുടെ നവീകരണത്തിന് ഒരുകോടി രൂപ വകയിരുത്തിയതോടെ ഇതിന് പരിഹാരം ആവുമെന്നാണ് പ്രതീക്ഷ. ഒപ്പം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളെയും ഇതിൽ പങ്കാളിയാക്കും.
ജില്ല ആശുപത്രിക്ക് ഹൈടെന്‍ഷന്‍ അപ്ഗ്രഡേഷനും മരുന്ന്, ഡയാലിസിസ് യൂനിറ്റിന് ആവശ്യമായ മരുന്നും അനുബന്ധ സൗകര്യങ്ങളും സാധ്യമാക്കും. ആയൂര്‍വേദ ആശുപത്രിക്ക് ഒന്നാം നില നിര്‍മിക്കുന്നതിന് ഒരുകോടി വകയിരുത്താനും പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നും ഉറപ്പാക്കാനായി വയോസുരക്ഷ പദ്ധതി നടപ്പാക്കാനും തുക നീക്കിവെച്ചിട്ടുണ്ട്. ജില്ല ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കും.
ജില്ല ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ സാമ്പത്തികവര്‍ഷം മൊബൈല്‍ മാമോഗ്രാം യൂനിറ്റ് സ്ഥാപിക്കും. മൊബൈല്‍ ഫോണ്‍ അഡിക്ഷന് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ പദ്ധതി രൂപവത്കരിക്കും.
ചെറുകിട വ്യവസായം, ഖാദി കേന്ദ്രങ്ങളുടെ ശാക്തീകരണം, കാര്‍ഷിക മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ വിപണനം എന്നിവ ലക്ഷ്യമിട്ട് വനിത തൊഴില്‍ ശൃംഖല രൂപവത്കരിക്കും. വിവിധ പദ്ധതികള്‍ വഴി 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അഭ്യസ്തവിദ്യരായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ഉറപ്പാക്കും. പ്രതിഭാപിന്തുണ, ജോബ് സ്കൂള്‍ പദ്ധതികള്‍ വ്യാപിപ്പിക്കും.
ജില്ല വ്യവസായ കേന്ദ്രം വഴി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കും. തൊഴില്‍ സൃഷ്ടിക്കുന്ന വിവിധ പദ്ധതികള്‍ക്കായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നവകേരളമിഷന്‍ വഴി കാമ്പസുകളില്‍ ഗ്രീന്‍ ദി ഗ്യാപ് പദ്ധതി നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു.
സേവന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 30 കോടിയുടെ പദ്ധതികള്‍ക്കാണ് ബജറ്റിലൂടെ രൂപം നല്‍കിയിട്ടുള്ളത്. കായികാധ്യാപകരില്ലാത്ത വിദ്യാലയങ്ങളില്‍ കായിക പരിശീലകരെ നിയമിക്കാനും ഭാവിയില്‍ 88 കായിക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഇതിനായി 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. സമ്പൂര്‍ണ അംഗൻവാടി പദ്ധതികള്‍, ബഡ്സ് സ്കൂള്‍, മുച്ചക്ര വാഹനം, കാഴ്ച പരിമിതര്‍ക്കുള്ള ലേണിങ് എയ്ഡ്, സ്കോളര്‍ഷിപ്പ് പദ്ധതികള്‍ തുടങ്ങിയവ തുടരും. വയോജനങ്ങളുടെയും ട്രാന്‍സ് വ്യക്തികളുടെയും ഉന്നമനത്തിനായി 3.5 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പഞ്ചിനഞ്ചോളം സംയുക്ത പദ്ധതികള്‍ക്കാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നീന്തല്‍ പരിശീലനകേന്ദ്രം, സ്നേഹസ്പര്‍ശം, കളിസ്ഥലം, വില്ലേജ് ടൂറിസം തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും.
ടൂറിസം സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കി നല്കുന്ന മികച്ച പദ്ധതിയില്‍നിന്ന് തെരഞ്ഞെടുത്തവക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം ജില്ല പഞ്ചായത്ത് നല്‍കിയാകും വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കുക.
ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തി. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിങ്ങനെ പദ്ധതികള്‍ ബഹുവര്‍ഷമായി ഏറ്റെടുക്കും.
ആദ്യവര്‍ഷം 50 ലക്ഷം രൂപ വകയിരുത്തും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കോളനി സമഗ്രവികസനം, കോളനി ദത്തെടുക്കല്‍, പഠനമുറി, പ്രഭാത ഭക്ഷണം പദ്ധതി എന്നിവ ഈ വര്‍ഷവും തുടരും.
വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഫാമുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കും.
പുതിയ കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, വൈദ്യുതി, വിവിധ ലാബുകള്‍ തുടങ്ങിയവ ഏറ്റെടുക്കും. ഇതിനായി 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ജില്ല ആശുപത്രിയില്‍ 127 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ആശുപത്രികളിലെ പൊതുസേവനം കൂടുതല്‍ മികച്ചതാക്കാനും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കാനും ലക്ഷ്യമിട്ട് അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തി.
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനും കോളനി റോഡുകള്‍, പി.എം.ജി.എസ്.വൈ റോഡുകള്‍ ജില്ല പഞ്ചായത്തിന് കൈമാറി ലഭിച്ച റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിനുപുറമെ റോഡിതര നവീകരണ പ്രവൃത്തികള്‍ക്കായി 25 കോടി രൂപയുടെ പദ്ധതിയും ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
സ്കൂള്‍ ചുറ്റുമതില്‍, പാര്‍ക്ക്, സ്കൂള്‍ ജിംനേഷ്യം, സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നവീകരണം, ആശുപത്രി ഉപകരണങ്ങളുടെ അറ്റകുറ്റപണി, വൈദ്യുതി, വെള്ളക്കരം തുടങ്ങിയ പദ്ധതികളും ഇതില്‍പ്പെടും. ജില്ലയില്‍ 50 സെന്റ് സ്ഥലം വിട്ടുനല്‍കുന്ന ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി പാര്‍ക്ക് നടപ്പാക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തും.
ജില്ല പഞ്ചായത്ത് ഉടമസ്ഥതയില്‍ ഫുഡ് ക്വാളിറ്റി ലാബ് ആരംഭിക്കും. രാജ്യത്ത് ആദ്യമായാകും ഒരു തദ്ദേശ സ്ഥാപനത്തിനുകീഴില്‍ ഇത്തരമൊരു ലാബ് തുടങ്ങുന്നതെന്നും ബജറ്റില്‍ പറയുന്നു.
മീന്‍വല്ലത്തിനും പാലക്കുഴിക്കും ശേഷം ലോവര്‍ വട്ടപ്പാറ ജലവൈദ്യുതി പദ്ധതി കൂടി ജില്ല പഞ്ചായത്ത് ഏറ്റെടുക്കും. ജില്ല പഞ്ചായത്തിന്റെ അഞ്ചുകോടി രൂപയും തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഷെയര്‍ ശേഖരിച്ചുമാകും പദ്ധതി നടപ്പാക്കുക. കാറ്റില്‍നിന്നുള്ള വൈദ്യുതി ഉൽപാദനത്തിന്റെ സാധ്യതകള്‍ തേടുന്നതിനും തുക നീക്കിവെച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ മൂന്ന് കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. കഞ്ചിക്കോടും മുതലമടയിലെ വെള്ളാരങ്കടവും ആണ് പരിഗണനയിലുള്ള പ്രദേശങ്ങള്‍.
കേരളത്തിന്റെ നവോഥാന മൂല്യങ്ങളും മതനിരപേക്ഷതയും പ്രചരിപ്പിക്കാനായി ചലച്ചിത്ര നിര്‍മാണത്തിലേക്കും ജില്ല പഞ്ചായത്ത് കടക്കുകയാണ്. ഇതിനായി 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.