മുതലമട: മുതലമട പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് പറമ്പിക്കുളത്തുനിന്ന് വെള്ളം എത്തിക്കണമെന്ന് സംയുക്ത യോഗം. പഞ്ചായത്ത് അവലോകന യോഗത്തിലാണ് പറമ്പിക്കുളം വെള്ളം മീങ്കര ഡാമിൽ എത്തിക്കണമെന്ന ആവശ്യം ഉയർന്നത്.
73 കോടിയുടെ ജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി മുതലമടയിൽ നടപ്പാക്കുന്നുണ്ടെങ്കിലും 15 ശതമാനം ഗുണഭോക്താക്കൾക്കുമാത്രമാണ് ഉപകാരപ്പെടുന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. ശേഷിക്കുന്ന കണക്ഷനുകളിലും ശുദ്ധജലം വിതരണം നടത്തണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. കുന്നങ്കാട്ടുപതിയിൽ നിന്നും മുതലമടയിലേക്ക് കുടി വെള്ളം എത്തിക്കാൻ ചിറ്റൂർ ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർക്ക് കത്തു നൽകാൻ കോഠത്തിൽ തീരുമാനമായി. മുതലമടയിൽ നിലവിൽ രണ്ട് ടാങ്കർ ലോറികളിൽ 18 ൽ അധികം പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം നടത്തുന്നുണ്ട്.
ഇത് കലങ്ങിയ വെള്ളമായതിനാൽ ചിറ്റൂർ പുഴ പദ്ധതിയിൽ നിന്നും ജലം ലോറികളിൽ ശേഖരിച്ച് വിതരണം നടത്തുവാൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് വിളിച്ച യോഗത്തിൽ തീരുമാനിച്ചു. ജൽ ജീവൻ മിഷനിലൂടെ മുതലമട പഞ്ചായത്തിൽ നാലായിരത്തിൽ അധികം കണക്ഷനുകൾ നൽകിയെങ്കിലും കുടിവെള്ള വിതരണം 10 ശതമാനം പോലും നടക്കുന്നില്ല. കുടിവെള്ള വിതരണത്തിന് സ്രോതസ്സ് കാണാതെ പദ്ധതി വിപുലീകരിക്കുന്നതും യോഗത്തിൽ ചർച്ചയായി. ഉന്നതതല യോഗം വിളിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൽപനദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് താജുദ്ദീൻ വിഷയാവതരണം നടത്തി നെന്മാറ, ചിറ്റൂർ ജല അതോറിറ്റി അസി. എൻജിനീയർമാർ, ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.