പാലക്കാട്: കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. മണപ്പുള്ളിക്കാവ് കോസ്മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെട്ടിട നിർമാണ ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരും. 106 ചട്ടങ്ങളിലായി 350 ഓളം ഭേദഗതികളാണ് പരിഗണനയിൽ. ഇത് സംബന്ധിച്ച വ്യക്തത കൂടി അദാലത്തുകളിൽ ഉണ്ടാകും. അദാലത്തിൽ വ്യക്തിപരമായ പരാതികൾക്ക് പുറമെ പൊതുവായ പ്രശ്നങ്ങളിലും തീരുമാനമുണ്ടാകുന്നുണ്ട്. സർക്കാർ സഹായത്തോടെ ലഭിക്കുന്ന വീടുകൾ ഏഴ് വർഷത്തിന് ശേഷം കൈമാറാമെന്ന തീരുമാനം ഇത്തരത്തിൽ ഉണ്ടായതാണ്. കെട്ടിട നിർമാണ പെർമിറ്റ് എടുത്ത ശേഷം നിർമാണം നടന്നില്ലെങ്കിൽ ഈടാക്കിയ അധിക എഫ്.എ.ആർ ഫീസ് തിരിച്ചുനൽകും.
14 ജില്ലകളിലും മൂന്ന് കോർപറേഷനുകളിലുമായി 17 തദ്ദേശ അദാലത്ത് സംഘടിപ്പിക്കും. സുതാര്യവും കാര്യക്ഷമവുമായ പരാതി പരിഹാരമാണ് ലക്ഷ്യം. 15 ദിവസം കൂടുമ്പോൾ ജില്ലതലത്തിൽ അദാലത്ത് നടത്തുന്ന തരത്തിൽ തുടർപ്രവർത്തനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ല പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി. പ്രസിഡന്റ് കെ. ബിനുമോൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മന്ത്രിക്ക് തുക കൈമാറി. കേരള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് സാനിറ്റേഷൻ സൊസൈറ്റി (ക്രൂസ്) 15 ലക്ഷം രൂപയും മരുതറോഡ് പഞ്ചായത്ത് 20 ലക്ഷം രൂപയും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും കൈമാറി.
എം.എൽ.എമാരായ എ. പ്രഭാകരൻ, അഡ്വ. കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാർ, കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, കെ. ബാബു, കലക്ടർ ഡോ. എസ്. ചിത്ര തുടങ്ങിയവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ. ഉഷ നന്ദിയും പറഞ്ഞു.
പാലക്കാട്: ജില്ലതല തദ്ദേശ അദാലത്തിൽ ലഭ്യമായ 1003 പരാതികളിൽ 924 (92.12 ശതമാനം) എണ്ണത്തിന് പരിഹാരമായി. 56 പരാതികൾ നിരസിച്ചു. 23 എണ്ണം തുടർനടപടിക്ക് കൈമാറി.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് 334, പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട് 381, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 63 എന്നിങ്ങനെ പരാതികളാണ് അദാലത്തിൽ എത്തിയത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ കുറഞ്ഞത് തദ്ദേശസ്ഥാപനങ്ങളുടെ ജാഗ്രതയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് തീർപ്പാക്കിയ പരാതികൾ സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. അദാലത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നഗരസഭകൾ കാലോചിതമായി വസ്തു നികുതി പരിഷ്കരണം നടത്താത്ത സാഹചര്യത്തിൽ തങ്ങളുടേതല്ലാത്ത കാരണത്താൽ പരിഷ്കരിച്ച തീയതി മുതൽ പലിശയും പിഴപ്പലിശയും പൊതുജനങ്ങൾക്ക് അടക്കേണ്ടി വരുന്നതിൽ ആശ്വാസം കണ്ടെത്താൻ സർക്കാറിന്റെ പൊതു തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇത് വിശദാംശങ്ങൾ ഉൾപ്പെട്ട ഉത്തരവായി തന്നെ ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.