പാലക്കാട്: വേനലിന്റെ ആദ്യവാരങ്ങളിൽതന്നെ ജില്ലയിലെ അഗ്നിരക്ഷ സേനക്ക് പിടിപ്പത് പണിയാണ്. തുടക്കം തന്നെ ഇങ്ങനെയായാൽ വേനൽ മൂർച്ഛിക്കുന്നതോടെ എന്താവും സ്ഥിതിയെന്ന് ആശങ്കപ്പെടേണ്ട സാഹചര്യം. ജനുവരി അവസാന വാരമെത്തുമ്പോഴേക്കും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി രണ്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ചെറുതും വലുതുമായ 77 തീപിടിത്തങ്ങളാണെന്ന് ജില്ല ഫയർ ഓഫിസർ വി.കെ. ഋതീജ് 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലയിലാകെയുള്ള കണക്കുകൾ പ്രകാരം ഇത് 300ഓളം വരും. പാലക്കാട് ഫയർ സ്റ്റേഷനിൽ മാത്രം കഴിഞ്ഞ രണ്ടുമാസത്തിനിടെ 100ലധികം കാളുകളാണ് സഹായമഭ്യർഥിച്ച് എത്തിയത്. ജനുവരി 16ന് മലമ്പുഴയിലെ സ്വകാര്യ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തം ദിവസങ്ങളോളം അധികൃതരുടെ ഉറക്കം കെടുത്തിയിരുന്നു.
മുൻകരുതലില്ലായ്മയുടെയും സുരക്ഷ മാനദണ്ഡങ്ങളിൽ പുലർത്തുന്ന അലംഭാവങ്ങളുടെയും ഫലമാണ് ഭൂരിഭാഗം തീപിടിത്തങ്ങളും. വേനൽ മുന്നിൽ കണ്ട് തീപിടിത്തങ്ങളടക്കമുള്ള അപകടങ്ങൾക്കെതിരെ കൂടുതൽ ജാഗ്രത പാലിച്ചേ മതിയാവൂ. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റി മുതൽ കെടുത്താനാരുമില്ലാതെ പുകയുന്ന മാലിന്യക്കൂന വരെ വലിയ ദുരന്തങ്ങൾക്ക് കാരണമായയേക്കാം. റോഡരികിലെ ഉണങ്ങിത്തുടങ്ങിയ പുൽക്കാടുകളിലും വഴിയിറമ്പിലുമെല്ലാം തീ പടരുന്നതിന് പിന്നിൽ പുകവലിയടക്കമുള്ള വില്ലൻമാരുണ്ടെന്ന് അഗ്നി രക്ഷാസേന ചൂണ്ടിക്കാണിക്കുന്നു. കനലൊരു തരി മതി വേനൽചൂടിൽ ഉണങ്ങി നിൽക്കുന്ന പുല്ലിനും ചെടിപ്പടർപ്പിനുമെല്ലാം തീ പിടിക്കാൻ. ജനുവരി മുതൽ മേയ് അവസാനം വരെയുള്ള കാലഘട്ടത്തിലാണ് ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാറ്.
വ്യവസായ മേഖലയിൽ വേണം കരുതൽ
2020 ജനുവരിയിലാണ് കഞ്ചിക്കോട്ടെ ടയർ പുനർനിർമാണ കമ്പനിയിൽ തീപടർന്നത്. കമ്പനിക്കകത്തേക്ക് തീ വ്യാപിക്കുന്നതിന് മുന്നേ അഗ്നിരക്ഷ സേന യൂനിറ്റുകളെത്തി തീ അണച്ചതോടെ വൻ ദുരന്തമാണ് അന്ന് ഒഴിവായത്. ഇതിനും രണ്ട് മാസങ്ങൾക്ക് മുമ്പ് കഞ്ചിക്കോട്ടെ ആക്റ്റിവേറ്റഡ് കാർബൺ നിർമാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് വില വരുന്ന ഉപകരണങ്ങളടക്കം കത്തിച്ചാമ്പലായിരുന്നു. രാസവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ഷോർട്ട് സർക്യൂട്ടുമാണ് വ്യവസായ മേഖലയിൽ വില്ലനാവുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വ്യവസായ സ്ഥാപനങ്ങളിൽ പരിശോധനക്കൊപ്പം ബോധവത്കരണവും ഊർജിതമാക്കിയതായി ജില്ല ഫയർ ഓഫിസർ പറഞ്ഞു.
അവഗണനയുടെ അരക്കില്ലങ്ങൾ
ജില്ലയിൽ 2020-2021ൽ 1500ഓളം കെട്ടിടങ്ങളിലാണ് ഫയർഫോഴ്സ് സുരക്ഷ പരിശോധന നടത്തിയത്. കെട്ടിടങ്ങളിൽ 70 ശതമാനത്തോളവും മതിയായ സുരക്ഷ പരിശോധനയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നടപടികൾക്കായി അതത് തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും കലക്ടർക്കും കൈമാറിയിരുന്നു.
എന്നാൽ, ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പോലെയാണ് കാര്യങ്ങൾ. പലരും താൽക്കാലിക പോംവഴികളുണ്ടാക്കി നിയമക്കുരുക്കുകളിൽനിന്ന് തടിയൂരി. വാർഷിക പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്താറുള്ള വൻകിട കെട്ടിടങ്ങളിൽ ഭൂരിഭാഗവും വർഷങ്ങളായി ഇങ്ങനെ തന്നെ തുടരുന്നവയാണെന്ന് അഗ്നിരക്ഷ സേന അധികൃതർ തന്നെ സമ്മതിക്കുന്നു. വരുംദിവസങ്ങളിൽ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടത്താനാണ് വകുപ്പ് തയാറെടുക്കുന്നത്.
വേണം കൂടുതൽ ഫയർ സ്റ്റേഷനുകൾ
ജില്ലയിൽ പാലക്കാട്, കഞ്ചിക്കോട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, മണ്ണാർക്കാട്, ഷൊർണൂർ, കോങ്ങാട്, കൊല്ലങ്കോട്, പട്ടാമ്പി എന്നിവിടങ്ങളിലായി 10 അഗ്നിരക്ഷ നിലയങ്ങളാണുള്ളത്. മതിയായ ജീവനക്കാരുണ്ടങ്കിലും ഇപ്പോൾ പിടിപ്പത് പണിയാണ്. പല ദിവസങ്ങളിലും 24 മണിക്കൂർ ജോലി വിശ്രമമില്ലതെ ചെയ്യേണ്ടി വരുന്നതായി ജിവനക്കാർ പറയുന്നു. മതിയായ ജലം ലഭിക്കാത്തതാണ് സേന നേരിടുന്ന പ്രധാന പ്രശ്നം. കാർഷികാവശ്യത്തിന് ജലസേചന കനാലുകൾ തുറക്കുന്ന സമയത്ത് മതിയായ ജലം കനാലുകളിൽ ശേഖരിച്ച് വെക്കാൻ കഴിയും. എന്നാൽ, ഇതില്ലാത്തപ്പോൾ ജലസമാഹരണത്തിനായി കിലോമീറ്ററുകൾ താണ്ടണം. പാലക്കാട് രക്ഷാനിലയത്തിന് 10,000 ലിറ്റർ വെള്ളം ദിവസേന ആവശ്യമാണ്. കേരള ജല അതോറിറ്റി കൊപ്പത്ത് അനുവദിച്ച കേന്ദ്രത്തിൽനിന്നാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. ജലക്ഷാമം രൂക്ഷമായ സമയത്ത് ഇവിടെനിന്ന് കുടിവെള്ളം ശേഖരിക്കുന്നതിൽ ജനങ്ങൾക്കും കടുത്ത അമർഷമാണുള്ളത്. പാലക്കാട് നിലയം പലപ്പോഴും അതിർത്തിവിട്ട് ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയുണ്ട്. മറ്റ് യൂനിറ്റുകളിൽ ശരാശരി രണ്ടു വാഹനങ്ങൾ മാത്രം ഉള്ളപ്പോൾ പാലക്കാട് മാത്രമാണ് മൂന്ന് വാഹനവും ഒരു ടാങ്കുമുള്ളത്. മറ്റ് യൂനിറ്റിലെ വാഹനങ്ങൾ ജോലിത്തിരക്കിലായാൽ പാലക്കാട് യൂനിറ്റിന് അധിക ജോലി ചെയ്യണം. പട്ടാമ്പി, കൊല്ലങ്കോട്, ഒറ്റപ്പാലം, കോങ്ങാട് എന്നിവിടങ്ങളിൽ കഴിഞ്ഞ മാർച്ചിൽ പുതിയ സ്റ്റേഷനുകളായി. കൊഴിഞ്ഞാമ്പാറയിലും വിദൂരമേഖലയായ അട്ടപ്പാടിയിലും തൃത്താലയിലും കൂടി സ്റ്റേഷനുകൾ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇതിൽ കൊഴിഞ്ഞാമ്പാറയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ല ഫയർ ഓഫിസർ പറഞ്ഞു.
നിയമലംഘനങ്ങൾക്ക് കുട പിടിക്കുന്നവർ
നിയമലംഘനങ്ങൾക്കെതിരെ അഗ്നിരക്ഷ സേനക്ക് നേരിട്ട് നടപടി സ്വീകരിക്കാൻ അധികാരമില്ലാത്തതാണ് നിയമലംഘകർ മുതലെടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം സ്വാധീനം ചെലുത്തി അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജില്ലയിൽ നിരവധിയാണ്. ജില്ലയിൽ 14ഓളം ആശുപത്രികൾ ആവശ്യമായ അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാവുക. പാലക്കാട് നഗരത്തിൽ മാത്രം മൂന്നോളം ആശുപത്രികൾ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ടെന്ന് അഗ്നിരക്ഷ സേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.