നെന്മാറ: കരിമ്പാറ, കൽച്ചാടിയിൽ കാട്ടാനക്കൂട്ടം വൈദ്യുതി തൂണും തെങ്ങുകളും നശിപ്പിച്ചു. കൽച്ചാടിയിലെ കർഷകനായ അബ്ബാസ് ഒറവഞ്ചിറയുടെ കൃഷിയിടത്തിലൂടെ പോകുന്ന നാലു ലൈനുകളുള്ള വൈദ്യുതി തൂൺ മൂന്നായാണ് മുറിഞ്ഞത്.
ലൈനുകൾ കൂട്ടിമുട്ടി സമീപത്തെ മരത്തിൽ കുരുങ്ങിയ നിലയിലായിരുന്നു. സമീപത്തെ മൂന്നോളം തൂണുകളിലെ ഇൻസുലേറ്ററുകളും തകർന്നു.
സാധാരണ തൊഴിലാളികൾ ടാപ്പിങ്ങിന് നേരം വെളുക്കും മുമ്പേ എത്താറുള്ളത്. കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനയുടെ സാന്നിധ്യം ഉള്ളതിനാൽ നേരം പുലർന്നശേഷം മാത്രം മറ്റൊരു വഴിയിലൂടെ വന്നതിനാൽ അപകടം ഒഴിവായി. ടാപ്പിങ് തൊഴിലാളികൾ പുലർച്ചെ എത്താഞ്ഞതിനാൽ പ്രദേശത്ത് വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
കെ.എസ്.ഇ.ബി പ്രദേശത്തേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. അടുത്ത ദിവസം പുതിയ വൈദ്യുതി തൂണും മറ്റു സാമഗ്രികളും എത്തിച്ച ശേഷമേ വൈദ്യുതി പുന:സ്ഥാപിക്കാനാകൂവെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. വൈദ്യുതി ലൈനുകൾ താഴ്ന്നുവന്ന സമയം കാട്ടാനകൾക്ക് ഷോക്കേറ്റിരിക്കാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറഞ്ഞു. സമീപത്തെ കർഷകനായ കോപ്പൻ കുളമ്പ് രാജുവിന്റെ രണ്ടു തെങ്ങുകളും കാട്ടാന നശിപ്പിച്ചു. റബ്ബർ തോട്ടങ്ങളിലെ ചിരട്ടകളും താങ്ങു കമ്പികളും, കമുക് തോട്ടങ്ങളിലെ ജല വിതരണ കുഴലുകളും നശിപ്പിച്ചിട്ടുണ്ട്.
നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്ഷനിലെ കൽച്ചാടി ഭാഗത്ത് വന മേഖലയോട് ചേർന്ന സൗരോർജ വൈദ്യുത വേലികളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് ദിവസത്തോളമായി തുടർച്ചയായി ഒറ്റക്കും കൂട്ടമായും കാട്ടാനകൾ മേഖലയിൽ കൃഷി നാശം തുടരുകയാണ്. കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് കുറച്ചുദിവസം തുടർച്ചയായി വാച്ചർമാരെയും ആർ. ആർ. ടി സംഘത്തെയും നിയോഗിച്ച് കാട്ടാന മൂലമുള്ള കൃഷി നാശം ഒഴിവാക്കണ മെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.