പാലക്കാട്: പാലക്കാട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സാമൂഹ്യ വിരുദ്ധമായ ആർ.എസ്.എസ് സമീപനങ്ങളെ പ്രതിരോധിച്ച പാരമ്പര്യമാണ് ഇന്ത്യക്കും കേരളത്തിനുമുള്ളതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട്ടെ സംഭവം ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും യഥാർഥ മുഖം തുറന്നു കാണിക്കുകയാണ്. ഒരു വശത്ത് കശുവണ്ടി പരിപ്പുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അരമനകളിൽ പോകുമ്പോൾ മറുവശത്ത് വിശ്വാസികളുടെ പരിപ്പ് ഇളക്കുകയാണ്. ആർ.എസ്.എസിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഇരകളാണ് സ്റ്റാൻ സ്വാമിയും ഗ്രഹാം സ്റ്റെയിൻസും മണിപ്പൂരിലെ ജനങ്ങളും അടക്കമുള്ളവർ. ഇവരാണ് ആർ.എസ്.എസിന്‍റെ ക്രൈസ്തവ സമൂഹത്തോടുള്ള സമീപനം കണ്ടിട്ടുള്ളത്.
ബി.ജെ.പി ക്രിസ്മസ് ആഘോഷിക്കുകയോ ആഘോഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നാട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ സമാധാനം കളയാതിരുന്നാൽ മതി. അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും. ക്രിസ്മസ് ആഘോഷിക്കാൻ പാടില്ലെന്ന് പറയുമ്പോൾ അതിഗംഭീരമായി ആഘോഷിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
കെ. സുരേന്ദ്രൻ പറയുന്നതിനെ നാട് ഗൗരവത്തിൽ എടുക്കില്ല എന്നതിന് നിരവധി ഉദാഹരമാണുള്ളത്. സുരേന്ദ്രന്‍റെ വെപ്രാളം കാണുമ്പോൾ അദ്ദേഹത്തിന്‍റെ നിർദേശത്തോടെയാണോ ഇതെന്ന് സംശയിക്കണം. അനാവശ്യമായ മുൻകൂർ സംസാരം നടത്തേണ്ട കാര്യമില്ലല്ലോ. സുരേന്ദ്രന് പങ്കുണ്ടോ എന്ന് നമ്മൾ സംശയിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.