പാലക്കാട്: പിരായിരിയിൽ റോഡരികിലെ തട്ടുകടക്ക് തീപിടിച്ചു. കടയിലുണ്ടായിരുന്ന മൂന്ന് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. തീ കെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നിരക്ഷ സേനാംഗങ്ങൾക്ക് പരിക്കേറ്റു. പിരായിരി പള്ളികുളം ഹൈടെക് ഓഡിറ്റോറിയത്തിന് മുന്നിലുള്ള തട്ടുകടയിലാണ് ബുധനാഴ്ച രാത്രി 11ഓടെ തീപിടിത്തമുണ്ടായത്. കടയോട് ചേർന്ന മരത്തിലേക്കും തീ പടർന്നതോടെ പരിസരവാസികൾ സമീപത്തുനിന്ന് ഒഴിഞ്ഞതിനാൽ ആളപായം ഒഴിവായി.
മുക്കാൽ മണിക്കൂറോളമെടുത്താണ് പാലക്കാട് അഗ്നിരക്ഷ സേനക്ക് തീ കെടുത്താനായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. കടയിൽ തീ പടർന്നതിന് പിന്നാലെ ഗാസ് സിലണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതിനിടെ തീപിടിച്ച് ചുട്ടുപഴുത്ത മറ്റൊരു സിലണ്ടർ ഫയർഫോഴ്സ് പുറത്തെത്തിച്ച് തണുപ്പിച്ചത് വൻ ദുരന്തം ഒഴിവാക്കി. രക്ഷാപ്രവർത്തനത്തിനിടെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജോയി എൻ. ജോയി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് അഗ്നിരക്ഷ സേനയിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ നവാസ് ബാബു, ഷാജി, ഷിബു, അഷ്റഫ്, സഞ്ജീവ് കുമാർ, ഹോം ഗാർഡ് ഫിലേന്ദ്രൻ എന്നിവർ അഗ്നിരക്ഷ സേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിശോധന നടത്തും
ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും സുരക്ഷ പരിശോധനകൾ കർശനമാക്കുമെന്ന് ഡിവിഷനൽ ഫയർ ഓഫിസർ അരുൺ ഭാസ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. ഗാസ് സിലിണ്ടറുകളടക്കമുള്ളവ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അപകടങ്ങളുടെ ആഴം വർധിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ബോധവത്കരണം ഊർജിതമാക്കുന്നതോടൊപ്പം വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.