പാലക്കാട്: വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റം പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്. ആർ.ടി.ഒ ടി.എം. ജേഴ്സണിന്റെ നേതൃത്വത്തിൽ സ്റ്റേഡിയം സ്റ്റാൻഡിലെ ബസുകളിലാണ് പരിശോധന നടത്തിയത്. നന്നായി പെരുമാറുന്നുണ്ടെന്ന് കുട്ടികൾ പറഞ്ഞ ബസ് ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനം നൽകി. പതിനഞ്ചോളം ബസുകളിൽ പരിശോധന നടത്തി. 11 ബസ് ജീവനക്കാർക്ക് സമ്മാനം നൽകി.
വൈകീട്ട് സ്കൂൾ വിടുന്ന സമയത്താണ് പരിശോധന നടത്തിയത്. ബസ് ജീവനക്കാർ മാന്യമായി പെരുമാറുന്നുണ്ടോ, സീറ്റിൽ ഇരിക്കാൻ പറയാറുണ്ടോ, ചീത്ത പറയാറുണ്ടോ, ടിക്കറ്റ് നൽകാറുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
സ്വകാര്യ ബസ് ജീവനക്കാർ ബാലസൗഹൃദപരമായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിലും ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടെന്ന് കർശനമായി പരിശോധന നടത്താനാണ് ഉത്തരവുണ്ടായിരുന്നത്. ആർ.ടി.ഒക്കൊപ്പം എ.എം.വി.ഐമാരായ പി.എസ്. ജെനിക്സ്, എസ്.എസ്. കവിതൻ, എസ്. ജോൺ ബ്രിട്ടോ, സി. ദിലീപ്, ഡ്രൈവർമാരായ മണികണ്ഠൻ, പ്രമോദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.