പാലക്കാട്: ജില്ലയിലെ ഉത്സവങ്ങളും പൂരങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും ക്ഷേത്രഭാരവാഹികളുടെയും ജില്ലാതല യോഗം സംഘടിപ്പിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് സി. ബിജു അധ്യക്ഷത വഹിച്ചു.
ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന എല്ലാ ഉത്സവങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്നും അജൈവമാലിന്യം കൃത്യമായി സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
ഡിസ്പോസബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പുനഃരുപയോഗ സാധ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക, മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് വേര്‍തിരിച്ച് ശേഖരിക്കുക, പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക, കുടിവെള്ളത്തിനായി വാട്ടര്‍ ഡിസ്പെന്സര് സ്ഥാപിക്കുക, വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക, അലങ്കാരങ്ങള്‍, കമാനങ്ങള്‍, തോരണങ്ങള്‍ എന്നിവക്കായി പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുക, ബോര്‍ഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കി തുണി മറ്റു പ്രകൃതി സൗഹൃദ വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുക, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് കുട്ടികള്‍, യുവാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രീന്‍ വളന്റിയര്‍മാരെ നിയോഗിക്കുക എന്നീ നിർദേശങ്ങള്‍ മാലിന്യമുക്തം നവകേരളം കാമ്പയിന് സെക്രട്ടേറിയറ്റ് കോ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന് അവതരിപ്പിച്ചു. ജില്ല ശുചിത്വമിഷന് കോ ഓഡിനേറ്റര്‍ ജി. വരുണ്‍ സംസാരിച്ചു. ജില്ലയിലെ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ക്ഷേത്രം ഭാരവാഹികള്‍, ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.