ഗ്രീൻഫീൽഡ് ഹൈവേ: സർവേ പത്തിന്​ ആരംഭിക്കും, ആ​ശ​ങ്ക ശ​ക്​​തം

പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്കായി ജില്ലയിൽ ഏറ്റെടുക്കുന്നത് 277.48 ഹെക്ടർ ഭൂമി. സ്ഥലമേറ്റെടുപ്പിനുള്ള ജില്ലയിലെ ഫീൽഡ് സർവേ ബുധനാഴ്ച ആരംഭിക്കും. മരുത റോഡിൽനിന്നാണ് സർവേ തുടങ്ങുക. ഇതിന് മുന്നോടിയായി തിങ്കളാഴ്ച റവന്യു-ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം പാലക്കാട് ചേരും. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്നതിന്‍റെ ആശങ്ക പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്.

എതിർപ്പില്ലാതെ സർവേ പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെ സഹകരണം അഭ്യർഥിച്ചിരിക്കുകയാണ് അധികൃതർ. ജില്ലയിലെ 22 വില്ലേജുകളിലൂടെ 61.44 കിലോമീറ്റർ ദൈർഘ്യത്തിലാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. മണ്ണാർക്കാട് താലൂക്കിലെ 13 വില്ലേജുകളും പാലക്കാട് താലൂക്കിലെ ഒമ്പത് വില്ലേജുകളും ഇതിലുൾപ്പെടും.

പാലക്കാട് താലൂക്കിലെ മരുത റോഡ് മുതൽ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ എടത്തനാട്ടുകര വരെയാണിത്. മരുത റോഡ്, മലമ്പുഴ (ഒന്ന്, രണ്ട്), പാലക്കാട്-രണ്ട്, അകത്തേത്തറ, പുതുപ്പരിയാരം (ഒന്ന്, രണ്ട്), മുണ്ടൂർ (ഒന്ന്, രണ്ട്) എന്നിങ്ങനെ പാലക്കാട് താലൂക്കിലും കരിമ്പ (ഒന്ന്, രണ്ട്), കാരാകുർശ്ശി, തച്ചമ്പാറ, പാലക്കയം, പൊറ്റശ്ശേരി, മണ്ണാർക്കാട് (ഒന്ന്, രണ്ട്), പയ്യനെടം, കോട്ടോപ്പാടം (ഒന്ന്, രണ്ട്, മൂന്ന്), അലനല്ലൂർ (മൂന്ന്) എന്നീ വില്ലേജുകൾ മണ്ണാർക്കാട് താലൂക്കിലും ഉൾപ്പെടുന്നു.

സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ച് 3900 സ്ഥലമുടമകളാണ് പാലക്കാട് എൻ.എച്ച് സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറെ സമീപിച്ചത്. മണ്ണാർക്കാട് താലൂക്കിൽനിന്ന് 3100ലേറെയും പാലക്കാട് താലൂക്കിൽനിന്ന് 750ഓളം പരാതികളുമാണ് ലഭിച്ചത്. ഡ്രോൺ സർവേയുടെയും ഗൂഗ്ൾ എർത്ത് മാപ്പിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ റോഡ് അലൈൻമെന്‍റിൽ വ്യക്തതയില്ലെന്ന് സ്ഥലമുടമകൾ പറയുന്നു. പാത കടന്നുപോകുന്ന സർവേ നമ്പർ അറിയാമെങ്കിലും കൃത്യമായ സ്ഥലരേഖ ലഭ്യമല്ലെന്നും ഉടമകൾക്ക് പരാതിയുണ്ട്.

സ്ഥലംവിട്ടുകൊടുക്കാൻ തയാറായവർക്ക് എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നതിലും വ്യക്തതയില്ല. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി പാത നിർമിക്കണമെന്നും അലൈൻമെന്‍റിൽ മാറ്റം വേണമെന്നുമാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നത്. വീട് നഷ്ടപ്പെടുന്നവർക്ക് പകരം വീട് നൽകണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. പാലക്കാട് താലൂക്കിലെ ഒമ്പതും മണ്ണാർക്കാട് താലൂക്കിലെ ആറും വില്ലേജുകളിലെ ഹിയറിങ് പൂർത്തിയായി. ബാക്കി വില്ലേജുകളിലെ ഹിയറിങ് ഈ ആഴ്ച നടക്കും.

Tags:    
News Summary - Greenfield Highway: Survey to start at 10, fear is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.