ലക്കാട്: കഴിഞ്ഞ 12 ദിവസങ്ങൾക്കിടെ പത്തുദിവസവും ജില്ലയിൽ അന്തരീക്ഷ താപം 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. കഴിഞ്ഞ ദിവസം ഒന്നുകുറഞ്ഞെങ്കിലും കേന്ദ്രകാലാവസ്ഥ വകുപ്പിൽനിന്ന് ലഭ്യമാകുന്ന കണക്കുകൾ പ്രകാരം ചൂട് വ്യാഴാഴ്ച വീണ്ടും 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സാധാരണത്തേതിനേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. മനുഷ്യർക്കുള്ള ജാഗ്രത നിർദേശങ്ങളാണെങ്ങും. എന്നാൽ മനുഷ്യരെപ്പോലെത്തന്നെ പക്ഷിമൃഗാദികൾക്കും കരുതലും പരിഗണനയും വേണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി താവളത്ത് കർഷനായ രവിയുടെ രണ്ട് പശുക്കൾ മേയാൻ വിട്ടിടത്ത് വീണുമരിച്ചത്. അത്യുഷ്ണമാണ് മിണ്ടാപ്രാണികളുടെ ജീവൻ കവർന്നത്. ജില്ലയിൽ വേനൽച്ചൂടിന്റെ കാഠിന്യം ക്രമാതീതമായി വർധിച്ചതോടെ കന്നുകാലികളിൽ പാൽ ഉൽപാദനവും പ്രജനനവും കുറയാതിരിക്കാൻ ക്ഷീരകർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മനുഷ്യരെപ്പോലെത്തന്നെ കന്നുകാലികളുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കും. തുറസ്സായ പ്രദേശത്തോ വയലിലോ കന്നുകാലികളെ മേയ്ക്കുന്നതിലൂടെ സൂര്യാതപമേറ്റുള്ള വേനൽക്കാല രോഗങ്ങൾ വർധിക്കാൻ സാധ്യത കൂടുതലാണ്. താപനില വർധിക്കുന്നതിനനുസരിച്ച് തീറ്റയെടുക്കാൻ മടിക്കുകയും പാൽ ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്യും. തുറസ്സായ പ്രദേശത്ത് മേയ്ക്കുന്നതിലൂടെ നിർജലീകരണം അനുഭവപ്പെട്ട് പശുക്കൾക്ക് മരണംവരെ സംഭവിച്ചേക്കാം. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ വേഗം ശരീരം ചൂടാകുകയും ശ്വസന നിരക്ക് വർധിക്കുകയും ചെയ്യും. തീറ്റയുടെ അളവ് കുറയുന്നതോടെ ആരോഗ്യവും പാൽ ഉൽപാദനവും കുറയുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാകും.
നിർജലീകരണം
അണപ്പ്, കിതപ്പ്, വായിൽനിന്ന് ഉമിനീർ പുറത്തേക്ക് ഒഴുകൽ, തീറ്റയെടുക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവ മൃഗങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.
പക്ഷികൾക്ക് രോഗവ്യാപന സാധ്യത
വേനൽക്കാലത്ത് പക്ഷികൾക്കും നിർജലീകരണ പ്രശ്നങ്ങളും രോഗവ്യാപന സാധ്യതയും കൂടുതലാണ്. വളർത്ത് പക്ഷികളിൽ ബാധിക്കുന്ന സാംക്രമിക രോഗമാണ് കോഴിവസന്ത. ഏവിയൻ പാരമിക്സോ വൈറസുകളാണ് രോഗകാരണം. ദേശാടനപ്പക്ഷികൾ, കാട്ടുപക്ഷികൾ, പുറംനാടുകളിൽനിന്നുകൊണ്ടുവരുന്ന പ്രാവ്, തത്ത അടക്കമുള്ളവയെല്ലാം വൈറസ് വാഹകരാണ്. രോഗവാഹകരും രോഗബാധിതരുമായ പക്ഷികൾ അവയുടെ ഉച്ഛ്വാസവായു, ശരീരസ്രവം, കാഷ്ഠം എന്നിവയിലൂടെ വൈറസിനെ പുറന്തള്ളും. കാഷ്ഠം കലർന്ന് മലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം പോലെയുള്ള ഫാം ഉപകരണങ്ങൾ, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവയെല്ലാം വഴി പരോക്ഷമായും വസന്തരോഗം അതിവേഗം പടരും.
ജാഗ്രതൈ......
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.