പാലക്കാട്: ജില്ലയിൽ കഴിഞ്ഞ 11 ദിവസങ്ങളിലായി പെയ്തത് മൂന്ന് ശതമാനം അധിക മഴ. ജൂൺ ഒന്ന് മുതൽ 11 വരെ 121.8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ഇക്കാലയളവിൽ ലഭിക്കേണ്ടത് 117.7 മില്ലി മീറ്ററാണ്. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരമാണിത്. ജില്ലയിൽ നഗരപ്രദേശത്ത് മഴ കുറവാണെങ്കിലും മറ്റ് ഭാഗങ്ങളിൽ ശക്തമാണ്. പലയിടത്തും കനത്ത കാറ്റുമുണ്ട്. മുണ്ടൂർ ഐ.ആർ.ടി.സിയിൽ 18 മി.മീ. മഴയാണ് ചൊവ്വാഴ്ച ലഭിച്ചത്. പത്ത് ദിവസത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്-47 മി.മീറ്റർ. ചില ദിവസങ്ങളിൽ 18 മി.മീ. ലഭിച്ചു. അതേസമയം, ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ജില്ലയിൽ നിലവിൽ ഡാമുകളിലെല്ലാം ജലനിരപ്പ് കുറവാണ്. കാലവർഷം സജീവമാകുന്നതോടെ ഡാമുകൾ നിറയുമെന്നാണ് പ്രതീക്ഷ. പ്രധാന ഡാമായ മലമ്പുഴയിൽ 103.04 മീറ്ററാണ് ചൊവ്വാഴ്ചത്തെ ജലനിരപ്പ്. 115.06 മീറ്ററാണ് ഇവിടത്തെ പരമാവധി ജലനിരപ്പ്. ആകെ 16 ശതമാനമാണ് നിലവിലെ സംഭരണം. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ഏഴ് പഞ്ചായത്തുകളിലേക്കും മലമ്പുഴ ഡാമിൽനിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനു പുറമേ കൃഷി ആവശ്യത്തിനുള്ള ജലസേചനവും നടത്താറുണ്ട്.
മറ്റു ഡാമുകളുടെയും ജലനിരപ്പ് താഴ്ന്നുതന്നെയാണ്. ജില്ലയിലെ ഏറ്റവും ചെറിയ അണക്കെട്ടായ മംഗലം ഡാമിൽ മാത്രമാണ് നിലവിൽ 50 ശതമാനം ജലമുള്ളത്. 77.88 മീ. പരമാവധി ജലനിരപ്പുള്ള മംഗലം ഡാമിൽ ചൊവ്വാഴ്ച 73.89 മീ. ആണുള്ളത്. ശിരുവാണി ഡാമിൽ 878.5 മീ. ആണ് പരമാവധി ജലനിരപ്പ്. ചൊവ്വാഴ്ച ഇവിടെ 866.11 മീറ്ററിൽ എത്തി. സംഭരണ ശതമാനം 36. കാഞ്ഞിരപ്പുഴ ഡാമിൽ 84.20 മീറ്ററാണ് ചൊവ്വാഴ്ചത്തെ ജലനിരപ്പ്. മീങ്കര, ചുള്ളിയാർ ഡാമുകളിൽ യഥാക്രമം 151.55 മീ., 141.43 മീ. എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ ജലനിരപ്പ്. ഈ ഡാമുകളിൽ യഥാക്രമം 156.36 മീ., 154.08 മീ. എന്നിങ്ങനെയാണ് പരമാവധി ജലനിരപ്പ്.
203 മീ. പരമാവധി ജലനിരപ്പുള്ള വാളയാറിൽ ചൊവ്വാഴ്ച 193.87 മീ. ആണ് ജലനിരപ്പ്. പോത്തുണ്ടി ഡാമിൽ 25 ശതമാനം ജലം സംഭരിച്ചിട്ടുണ്ട്. പരമാവധി 108.20 മീ. സംഭരണശേഷിയുള്ള ഇവിടെ ചൊവ്വാഴ്ച 94.56 മീറ്ററാണ് ജലനിരപ്പ്. മൂലത്തറയിൽ 182.60 മീ. വെള്ളമുണ്ട്. പരമാവധി ജലനിരപ്പ് 184.70 മീ. ആണ്. സംസ്ഥാനത്തൊട്ടാകെ 20 ശതമാനം മഴക്കുറവാണ് ചൊവ്വാഴ്ച വരെ രേഖപ്പെടുത്തിയത്. ഇതുവരെ 161.9 മി.മീ. മഴയാണ് കേരളത്തിലാകെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.