ആലത്തൂർ: ശക്തമായ മഴ ലഭിച്ചതോടെ ഒന്നാം വിളയിറക്കലിലെ പൊടിവിത മുടങ്ങിയതോടെ ദുരിതത്തിലായി നെൽകർഷകർ. ഇനി ഞാറ്റടി തയാറാക്കി നടുക മാത്രമാണ് പോംവഴി. സാധാരണ രണ്ടാം വിളയ്ക്കാണ് ഞാറ്റടി തയാറാക്കലും നടീലുമൊക്കെ നടത്തുന്നത്. മേടത്തിൽ വിഷു കഴിഞ്ഞാൽ കാലാവസ്ഥ അനുകൂലമായി വരുമ്പോൾ പൊടിവിത നടത്തിയാണ് ഒന്നാം വിളയിറക്കുന്നത്. എന്നാൽ, ഇത്തവണ വിത നടത്തേണ്ട സമയമായപ്പോഴേക്കും ഇടക്കിടെ മഴ തുടങ്ങി.
കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും തുടരെ പെയ്ത മഴ കർഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ഇപ്പോൾ ദിവസങ്ങളായി പെയ്യുന്ന മഴയിൽ നെൽകൃഷിയിടമെല്ലാം വെള്ളം നിറഞ്ഞു കവിഞ്ഞു. സാധാരണ മേയ് മാസത്തിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകുമെന്നല്ലാതെ ഇത്ര ശക്തമായി പെയ്യാറില്ല.
മൂന്നു ദിവസമായി പെയ്യുന്ന മഴ ഇപ്പോഴും വിട്ടുപോയിട്ടില്ല. സാധാരണ മേടം അവസാനത്തോടെ വിത നടത്തിയാൽ ഇടവപ്പാതിയിൽ കാലവർഷം തുടങ്ങി വെള്ളം കൂടുമ്പോഴേക്കും നെൽചെടികൾ വളർന്നിരിക്കും. തുടർന്ന് കളപറിയും വളപ്രയോഗവുമെല്ലാം നടത്തുകയാണ് പതിവ്. ഇപ്പോൾ ഇടവം ആദ്യമാണ് ഞാറ്റടി തയാറാക്കുന്നത്. ഇനി 21 ദിവസം കഴിഞ്ഞ് വേണം പറിച്ചു നടാൻ. അങ്ങനെ നടുന്ന കൃഷിയിടത്തിൽ കന്നിമാസത്തിലേ വിളവെടുക്കാനാവൂ എന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.