പാലക്കാട്: കോവിഡ് പ്രതിസന്ധിയിലാക്കിയ ജനജീവിതം കരകയറി വരുന്നതിനിടെയാണ് വിലക്കയറ്റം വില്ലെൻറ രൂപത്തിലെത്തുന്നത്. അവസാന നീക്കിയിരിപ്പടക്കം മുടക്കി നാട്ടിൽ വൈവിധ്യമാർന്ന രുചി വിളമ്പുന്ന സ്വപ്ന സംരംഭത്തിന് ചിറകുകൾ നൽകിയ പ്രവാസികളടക്കമുള്ളവർ നിരാശരാണ്. രുചിപ്പെരുമകൊണ്ട് നാടറിഞ്ഞ സംരംഭങ്ങൾ പോലും നഷ്ടത്തിലേക്ക് നീങ്ങുന്നു. ഇന്ധന വില മുതൽ ഉൽപന്നങ്ങളുടെ വിലക്കയറ്റവും ഉയർന്ന പ്രവർത്തനച്ചെലവുമൊക്കെ ദിനേന വെല്ലുവിളികളാവുകയാണ്.
നഷ്ടം തിളക്കുന്ന അടുക്കളകൾ
ജില്ലയിൽ 2500ലധികം റസ്റ്റാറൻറുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ഇവരിൽ 80 ശതമാനവും െചറുകിട മേഖലയിലാണ്. കോവിഡ് തരംഗത്തിന് ശേഷം ജനജീവിതം സാധാരണ ഗതിയിലേക്ക് നീങ്ങിയതോടെ കരകയറി വരുകയായിരുന്നു പല ഹോട്ടലുകളും. ഇൗ കാലയളവിൽ രുചിവൈവിധ്യങ്ങളുമായി നിരവധി ഭക്ഷണശാലകൾ പുതുതായി തുറക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ പലരും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒരുമാസത്തിനിടെ 266 കൂടി വർധിപ്പിച്ചതോടെ ഹോട്ടൽ വ്യവസായം പതിയെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വാണിജ്യ സിലിണ്ടറിന് ഇതുവരെ വർധിപ്പിച്ചത് 675 രൂപയാണ്. കടത്തുചെലവ് വർധിച്ചതോടെ പച്ചക്കറിയടക്കം ഭക്ഷ്യോൽപന്നങ്ങൾക്ക് ദിനേന വിലയുയരുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. രണ്ട്- മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയിൽ ഒരുമാസം 23,000 മുതൽ 77,000 രൂപ വരെ അധിക ചെലവ് വരും. എന്നാൽ, ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്.
ഒാഫ്ലൈനാവുന്ന ഒാൺലൈൻ പ്രതീക്ഷകൾ
ലോക്ഡൗണുകളിൽ തഴച്ച ഒാൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകൾ മിക്കവരും 45 ദിവസം ഇടവേളകളിലാണ് ഹോട്ടലുകൾക്ക് പണം കൈമാറുക. 26-27 ശതമാനം വരെയാണ് ഒാൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകൾ ഭക്ഷണശാലകളിൽനിന്ന് ഇൗടാക്കുന്നത്.
ചെറുകിട ഹോട്ടലുകളിൽ പലർക്കും പതിവ് കച്ചവടത്തിനൊപ്പം ഇത് സ്വീകാര്യമാണെങ്കിലും നിലവിൽ പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ആപ് ഇനിയും സംസ്ഥാനമൊട്ടാകെ പ്രവർത്തനസജ്ജമായിട്ടില്ല. പാലക്കാട് നഗരം, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, വടക്കഞ്ചേരി എന്നീ നഗരങ്ങളിലാണ് നിലവിൽ ഹോം ഡെലിവറിക്ക് അൽപമെങ്കിലും സാധ്യതയുള്ളത്.
പ്രതികരണം
19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2025 രൂപയാണ് വില. ഇതോടെ ചെറുകിട ഹോട്ടൽ ഉടമകളെല്ലാം പ്രതിസന്ധിയിലാണ്. തട്ടുകടക്കാരടക്കമുള്ളവർക്ക് തൊഴിൽ നഷ്ടമാവുന്ന സ്ഥിതി. ചെറുകിട ഹോട്ടലുകൾക്ക് പാചകവാതക വില വർധന മൂലം ഭക്ഷണവില കൂട്ടേണ്ടിവരും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതിനാവാത്ത സ്ഥിതിയുമുണ്ട്. ലൈസൻസ് കാലാവധി നീട്ടി നൽകിയതടക്കം സർക്കാർ ഇടപെടലുകൾ സ്വാഗതാർഹമാണ്. എന്നാൽ, കൂടുതൽ ക്രിയാത്മകമായ ഇടപെടലാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. - ഫിറോസ് റഹ്മാൻ, ജില്ല സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ
മേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. പത്തുതൊഴിലാളികൾ വേണ്ടിടത്ത് രണ്ടോ മൂന്നോ ആളുകളെ മാത്രമാണ് ജോലിക്കെടുക്കാൻ കഴിയുക. ഇതോടെ െതാഴിലാളി കുടുംബങ്ങളും പട്ടിണിയിലേക്കാണ് നീങ്ങുന്നത്. അടിയന്തരമായി ഇടപെടലുകളില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് വ്യവസായം കൂപ്പുകുത്തും.-എൻ. മുഹമ്മദ് അൻവർ, സിൽവർ സ്റ്റാർ ഹോട്ടൽ, ചെർപ്പുളശ്ശേരി.
കോവിഡിന് മുമ്പും പിമ്പും കണക്കാക്കിയാൽ നേർപകുതിയോളം കച്ചവടം കുറഞ്ഞിട്ടുണ്ട്. പലരും ഹോട്ടൽ വ്യവസായം വിട്ട് മറ്റ് മേഖലകളിലേക്ക് ചേക്കേറി. വില കൂട്ടിയാൽ മാത്രമേ പിടിച്ചുനിൽക്കാനാവൂ എന്ന സ്ഥിതിയാണ്, ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്.-നാസർ, ഹോട്ടൽ റെയിൻബോ, മണ്ണാർക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.