പാലക്കാട്: നഗരത്തിലെ തിരക്കേറിയ റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. വീതി കുറഞ്ഞ റോഡിൽ മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലാണ് പലപ്പോഴും കാറുകളും ഓട്ടോറിക്ഷകളുമെല്ലാം നിർത്തിയിടുന്നത്. റോബിൻസൺ റോഡ്, ജി.ബി റോഡ്, കോർട്ട് റോഡ്, ജില്ല ആശുപത്രിക്ക് സമീപം, ജില്ല വനിത-ശിശു ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലുമെല്ലാം ഇത്തരത്തിൽ അനധികൃത പാർക്കിങ് കാണാം.
പലയിടത്തും അനധികൃത ഓട്ടോ സ്റ്റാൻഡുകൾ പെരുകുന്നുവെന്നും ആക്ഷേപവുമുണ്ട്. തിരക്കേറിയ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നഗരസഭയുടെ അംഗീകാരമുള്ള ഒരു ഓട്ടോ സ്റ്റാൻഡാണുള്ളത്. എന്നാൽ, സ്റ്റാൻഡിന് സമീപം വേറെയും ഓട്ടോ സ്റ്റാൻഡുകളുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നഗരസഭ അംഗീകരിച്ച സ്റ്റാൻഡ് ഉണ്ടെങ്കിലും സമീപത്ത് ഓട്ടോ സ്റ്റാൻഡുകൾ നിരവധിയാണ്. ജി.ബി റോഡിൽ ഷോപ്പിങ് മാളിന് മുന്നിലെ നടപ്പാതയോട് ചേർന്ന് ഓട്ടോകൾ നിർത്തിയിടുന്നത് കാൽനടക്കാർക്കും മറ്റു വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ടൗൺ സ്റ്റാൻഡിന് മുന്നിൽ ടൈൽസ് പതിച്ച നടപ്പാതയിലാണ് വർഷങ്ങളായി ഓട്ടോ സ്റ്റാൻഡുള്ളത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശത്തുമുള്ള ഓട്ടോ സ്റ്റാൻഡുകൾ കാൽനടയാത്രക്കാരെ റോഡിലിറക്കി നടത്തുന്ന സ്ഥിതിയിലാണ്. ബി.ഇ.എം സ്കൂളിന് മുന്നിലെ മഞ്ഞക്കുളം റോഡിലും ടാക്സി സ്റ്റാൻഡിനു സമീപത്തും പാർക്കിന് സമീപത്തും എൽ.ഐ.സിക്ക് സമീപത്തെ റോഡിലും ഓട്ടോ സ്റ്റാൻഡുകളാണ്.
ഇത്തരത്തിൽ അനധികൃത പാർക്കിങ് വ്യാപകമാണെങ്കിലും അധികൃതർ അറിഞ്ഞമട്ടില്ല. തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്കിന് കാരണമായും കാൽനടയാത്രക്കാരെ റോഡിലിറക്കിയുമുള്ള അനധികൃത പാർക്കിങ്ങിനും ഓട്ടോ സ്റ്റാൻഡുകൾക്കുമെതിരെ ബന്ധപ്പെട്ടവർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.