പാലക്കാട് ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഉളി കൊണ്ട് കഴുത്തിൽ കുത്തേറ്റയാൾ മരിച്ചു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരിലെ ഒരു ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്.

വാജിദെന്ന തൊഴിലാളിയാണ് ആക്രമണം നടത്തിയത്. മറ്റൊരു തൊഴിലാളിക്കും സംഘർഷത്തിനിടെ പരിക്കേറ്റു. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച വാസിമും അക്രമിച്ച വാജിദും.

സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആശാരി പണിക്കാരനായ വാജിദ് ഉളി കൊണ്ട് വാസിമിൻ്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ വാസിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘര്‍ഷത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാസിം എന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്കാണ് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം വാജിദ് സ്വയം കഴുത്തു മുറിച്ചു. ഇയാൾ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - interstate workers clash; one man stabbed to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.