അലനല്ലൂർ: ഭീമനാട് ഇട്ടിലാകുളം പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടും ചളിയും പായലും നിറഞ്ഞും വൃത്തിഹീനമായി. കുളത്തിലെ വെള്ളത്തിന് ദുർഗന്ധം കൂടി വന്നതോടെ കുളിക്കാനും അലക്കാനും പറ്റാത്ത അവസ്ഥയായി.
അലനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇട്ടിലാകുളം വൃത്തിയാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പ്രദേശത്ത് നിരവധി കുടുംബങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന കുളമായിരുന്നു. വേനലാകുന്നതോടെ നിരവധി പേരാണ് കുളത്തിലെത്താറുള്ളത്. മഴക്കാലത്ത് പോലും ദുർഗന്ധം വഹിക്കുന്ന കുളം വേനലിൽ തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുളം വൃത്തിയാക്കാനോ, നവീകരണ പ്രവർത്തനങ്ങൾക്കോ തുക വയയിരുത്തിയിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് അംഗം അശ്വതി പറഞ്ഞു. ഭീമനാട് ഗവ. യു.പി സ്കൂളിന്റെ സമീപത്തെ കുളം വൃത്തിയാക്കാൻ അധ്യാപകരും വിദ്യാർഥികൾക്കും ആഗ്രഹമുണ്ടെങ്കിലും വെള്ളത്തിന്റെ ആഴം കാരണം ഉപേക്ഷിക്കുകയായിരുന്നു.
ശുചീകരിച്ചത് യു.ഡി. എഫ് പ്രവർത്തകർ
പട്ടാമ്പി: വർഷങ്ങളായി മാലിന്യംനിറഞ്ഞ് കാടുപിടിച്ച് കിടന്നിരുന്ന കൊപ്പം പഞ്ചായത്തിലെ മണ്ണേങ്ങോട് എരങ്ങോട്ടുകുളം യു.ഡി.എഫ് പ്രവർത്തകർ ശുചീകരിച്ചു. പ്രദേശത്തെ 250 കുടുംബങ്ങൾ ആദ്യകാലങ്ങളിൽ കുളിക്കാനും കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്ന കുളം 10 വർഷമായി മാലിന്യംനിറഞ്ഞ് കാടുപിടിച്ച് കിടന്നിട്ടും മാലിന്യം നീക്കാനുള്ള കാര്യമായ നടപടികളൊന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.
ഒന്നര ഏക്കർ വിസ്തൃതിയും 15 അടിയോളം താഴ്ചയുള്ള കുളം മൂന്നുദിവസം കൊണ്ടാണ് ശുചീകരിച്ചത്. കെ.പി.സി.സി അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ദിനേഷ് കരിമ്പനക്കൽ, അനിൽ പുലാശ്ശേരി, എൻ.കെ. ഷിഹാബ്, കണ്ണൻ, എം.ടി. വഹാബ്, പി.പി. അബൂബക്കർ, ടി.കെ. ഷുക്കൂർ, ഷബീർ, സെയ്ദ്, വി.പി. ബിജു, അംജദ് , നൂറുദ്ദീൻ, എം.ടി. ഷുക്കൂർ, സിറാജ്, വിനു മണ്ണേങ്ങോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.