കല്ലടിക്കോട്: ദേശീയപാതയിൽ മഴക്കാല അപകടങ്ങൾ പെരുകിയിട്ടും സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കാതെ അധികൃതർ. ചിറക്കൽപ്പടിക്കും ഒലവക്കോടിനും ഇടയിൽ പ്രതിമാസം 400ൽപരം ചെറുതും വലുതുമായ വാഹനാപകടങ്ങൾ ഉണ്ടാകുന്നതായാണ് കണക്ക്. ചുരുങ്ങിയത് ഏഴ് പേർ മരിക്കുമ്പോൾ 135ൽ അധികമാളുകൾക്ക് പരിക്കുപറ്റുന്നു. 15ലധികം പേർ ദീർഘനാൾ ചികിത്സയും വിശ്രമവുമായി കഴിഞ്ഞ് കൂടേണ്ടിവരുന്നു.
പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷൻ, വള്ളിക്കോട്, എരിവരിത്തോട്, പന്നിയംപാടം, മുണ്ടൂർ ടൗൺ, കയറംകോട്, മയിലും പുള്ളി, വേലിക്കാട്, കാഞ്ഞിക്കുളം, കല്ലടിക്കോട്, തുപ്പനാട്, പനയംപാടം, തച്ചമ്പാറ, മുള്ളത്ത് പാറ, എടക്കുർശി, ചൂരിയോട് പാലം പരിസരം എന്നീ പ്രദേശങ്ങൾ പ്രധാനമായും അപകടങ്ങളുടെ സിരാകേന്ദ്രമായി.
ഇരുചക്രവാഹന യാത്രികരാണ് ഭൂരിഭാഗവും അപകടത്തിനിരയാവുന്നത്. അമിത വേഗത, അശ്രദ്ധ, അപരിചിതത്വം, റോഡിന്റെ പോരായ്മ എന്നിവയും റോഡ് നിയമങ്ങളുടെ ലംഘനവും പതിവ് പോലെ അപകടത്തിന് വഴിയൊരുക്കുന്നു. അപകട സാധ്യത കൂടിയ പ്രദേശങ്ങളിൽ മുന്നറിയിപ്പ്, അടയാള ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വഴിവിളക്കില്ലാത്തതും വിനയാകുന്നു.
കാൽ നൂറ്റാണ്ടിന് മുമ്പാണ് പാലക്കാട്-കോഴിക്കോട് റോഡിനെ സംസ്ഥാനപാതയാക്കി ഉയർത്തിയത്. റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി പൂർത്തികരിക്കാൻ 20 വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. പദവി ഉയർത്തിയെങ്കിലും ദേശീയപാതയുടെ ഗുണനിലവാരം ഉയർത്താൻ കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. റോഡ് നവീകരിച്ച ശേഷം അപകടങ്ങളും അത്യാഹിത മരണങ്ങളും കൂടിയത് സർവത്ര പ്രതിഷേധം ഉയർത്തി.
റോഡ് വഴുക്കുന്നുവെന്ന പരാതി പരിഹാരത്തിന് പാതയിൽ ഗ്രിപ്പും ഹമ്പുമിട്ടിട്ടും അപകടങ്ങൾ കുറഞ്ഞില്ല. മറ്റൊരു പരാതി അഴുക്കുചാലിന്റെ ക്രമീകരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു.
മുണ്ടൂർ ടൗണിലും കരിമ്പ മുട്ടിക്കൽക്കണ്ടം പരിസരങ്ങളിലും കനത്ത മഴ പെയ്താൽ വെള്ളം കടകളിലേക്കും വീടുകളിലേക്കും കയറുന്ന അവസ്ഥയുണ്ട്. മുണ്ടൂർ ടൗൺ പ്രദേശവും തൂത റോഡും സന്ധിക്കുന്ന ഭാഗത്തെ അഴുക്കുചാൽ ക്രമീകരണം ഒരു പരിധി വരെ കുറ്റമറ്റതാക്കാൻ ശ്രമമുണ്ടായെങ്കിലും മുണ്ടൂർ-തൂത പാത ലിങ്ക് റോഡുകളിൽ പ്രശ്നം സങ്കീർണമാക്കി.
പനയമ്പാടത്ത് ഉയർന്ന സ്ഥലങ്ങളിലെ വെള്ളം ഒഴുകിയെത്തി റോഡ് നിറയും. കല്ലടിക്കോട് ചുങ്കം പ്രദേശത്തും വെള്ളക്കെട്ട് തലവേദന സൃഷ്ടിക്കുന്നു. പ്രധാന പാലങ്ങളിലും ദേശീയപാതകളിലും സുരക്ഷിത മുന്നറിയിപ്പ് ബോർഡുകളും വഴിവിളക്കുകളും ഇനിയും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.