കല്ലടിക്കോട്: ടി.ബി സെന്ററിൽ നാലുവർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ വഴിയിട വിശ്രമകേന്ദ്രം ഇനിയും തുറന്നില്ല. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിനാണ് ഈ ശനിദശ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് കെട്ടിടം സജ്ജമായതോടെ ധൃതി പിടിച്ച് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചുവെങ്കിലും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല.
വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിമുറി, ശുചിമുറി, ക്ലോക്ക് റും എന്നീ സൗകര്യങ്ങളാണ് വഴിയിട വിശ്രമകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. വൈദ്യുതി കണക്ഷൻ, വാട്ടർ കണക്ഷൻ എന്നിവക്കായി രണ്ടുവർഷം കാത്തിരുന്നശേഷം മാസങ്ങൾക്ക് മുമ്പാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നതിന് പൈപ്പ് ലൈൻ ഘടിപ്പിച്ചത്. ജലലഭ്യത ഉറപ്പ് വരുത്തിയിട്ടും വഴിയിട വിശ്രമകേന്ദ്രം നടത്തിപ്പിന് ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആഴ്ചകളോളം നീണ്ടിട്ടും ഫലം കണ്ടില്ല. കെട്ടിടം ഉപയോഗിക്കാതായതോടെ വഴിയിട വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്ന വളപ്പ് കാടുകയറി.
കരിമ്പ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെ ഉൾനാടൻ ഗ്രാമങ്ങളിലെയും നിരവധി യാത്രക്കാർ വിദൂര ദിക്കുകളിലേക്ക് പോകുന്നതിന് കല്ലടിക്കോട്ട് ടി.ബി സെൻററിനെയാണ് നിത്യേന ആശ്രയിക്കുന്നത്. ടി.ബി കേന്ദ്രീകരിച്ച് മാത്രം നിലവിൽ അര ഡസനിൽ പരം സ്വകാര്യ ബസ് സർവിസുണ്ട്. അതിലുപരി ദേശീയപാത വഴി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളിൽ കയറിപ്പറ്റാൻ ഭൂരിഭാഗം പേരും ഇവിടെയാണ് ആശ്രയിക്കുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം ഇവർക്കെല്ലാം പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വഴിയിടവിശ്രമകേന്ദ്രം തുറക്കാത്തത് കാരണം പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാനും പറ്റുന്നില്ല. അതേസമയം, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വഴിയിട വിശ്രമകേന്ദ്രം കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കൈമാറിയതായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.