കല്ലടിക്കോട്: സിനിമാസ്റ്റൈലിൽ ഡ്രൈവറെ തട്ടിയെടുത്ത് വാഹനം കവർന്ന കേസിൽ പത്തംഗ സംഘത്തിലെ രണ്ടു പേർകൂടി പൊലീസിന്റെ പിടിയിലായി. പുതുപ്പരിയാരം പുളിയംപുള്ളി മുഴുവഞ്ചേരിയിൽ ടൈറ്റസ് ജോർജ് (34), കടമ്പഴിപ്പുറം മുഴുവഞ്ചേരി ബിജോയ് വർഗീസ് (44) എന്നിവരാണ് പിടിയിലായത്. നേരത്തേ കോങ്ങാട് പൂളക്കുണ്ട് ബിജീഷ് (29), ചിറ്റൂർ പൊൽപ്പുള്ളി ഉമർ (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കൊടുങ്ങല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് നാലിന് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് ചൂരിയോട് പാലത്തിനു സമീപം പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന പാർസൽ കയറ്റിയ കെ.എൽ-59 വി 0613 നമ്പർ പിക്കപ്പ് വാനിനെ പിന്തുടർന്ന് ബൊലേറോ ട്രക്കിലും രണ്ടു കാറുകളിലുമെത്തിയ കവർച്ചസംഘം വാൻ തടഞ്ഞിട്ട് ഡ്രൈവറെ ബലം പ്രയോഗിച്ച് ഇറക്കി മർദിച്ചശേഷം തട്ടിക്കൊണ്ടുപോയി.
വാഹനത്തിൽ കുഴൽപണമുണ്ടെന്ന ധാരണയിലാണ് കവർച്ച നടത്തിയത്. പിന്നീട് പണമില്ലെന്ന് കണ്ടെത്തിയതോടെ പിക്കപ്പ് വാൻ പട്ടാമ്പി ഭാഗത്ത് ഉപേക്ഷിച്ചു. ഡ്രൈവർ പാലക്കാട് നൂറണി സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (57) മർദിച്ച് തട്ടിക്കൊണ്ടുപോയത്. പ്രതികൾക്കെതിരെ കവർച്ച നടത്തിയതിനാണ് പൊലീസ് കേസെടുത്തത്.
സംഭവശേഷം പ്രതികളായ രണ്ടുപേരും തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒളിവിലായിരുന്നു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ടൈറ്റസ് ജോർജ് കവർച്ച ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡിവൈ.എസ്.പി പി. സുന്ദരൻ, കല്ലടിക്കോട് സി.ഐ എം. ഷഹീർ, എസ്.ഐമാരായ വി.എം. നൗഷാദ്, കെ.കെ. പത്മരാജ്, എ.പി. വിജയമണി, എസ്.സി.പി.ഒമാരായ സി.എസ്. സാജിദ്, വൈ. ഷംസുദ്ദീൻ, എ. പത്മരാജ്, എ. രാകേഷ്, പി.എം. ജോസ് എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.