കല്ലടിക്കോട്: കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിക്ക് കീഴിൽ കരിമ്പ ഗ്രാമപഞ്ചായത്തിലും പരിസരങ്ങളിലും പൈപ്പ് വഴി ശുദ്ധജലം വിതരണം ചെയ്യാൻ ജലസംഭരണി നിർമിക്കുന്നതിന് വീണ്ടും ദർഘാസ് വിളിക്കും.
ശുദ്ധജല ടാങ്ക് നിർമിക്കാൻ ആദ്യം വിളിച്ച ടെൻഡർ ആരും ഏറ്റെടുക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് രണ്ടാമതും വിളിക്കുന്നതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു. കരിമ്പ പാറക്കാലിലാണ് ജലസംഭരണി നിർമിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടാണ് കരിമ്പ-കോങ്ങാട് കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസ്രോതസ്സ്. കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപ പ്രദേശത്ത് ഇതിനകം തന്നെ ജലശുദ്ധീകരണ പ്ലാന്റ് നിർമിച്ചിട്ടുണ്ട്. പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ രണ്ടിടങ്ങളിലാണ് സംഭരിക്കുക.
കരിമ്പ പാറക്കാലിലെയും കോങ്ങാട് കോട്ടപ്പടിയിലെയും ജലസംഭരണികളിൽ ശേഖരിച്ച് വക്കുന്ന ശുദ്ധജലം സമീപ പ്രദേശങ്ങളിൽ വിതരണം ചെയ്യും. കോട്ടപ്പടിയിലെ ജലസംഭരണിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. അതേ സമയം, ഇനി പൂർത്തീകരിക്കാനുള്ളത് 22 കിലോമീറ്റർ പ്രദേശത്തെ ജലവിതരണത്തിനുള്ള കൂറ്റൻ പെൻസ്റ്റോക്ക് സ്ഥാപിക്കുന്ന പ്രവൃത്തിയാണ്.
ദേശീയപാത അതോറിറ്റി ഈയിടെയാണ് സംസ്ഥാന ജല അതോറിറ്റിക്ക് പാതക്കരികിൽ പൈപ്പ് സ്ഥാപിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകിയത്.
ഒന്നര കോടി രൂപ ദേശീയപാത അതോറിറ്റിക്ക് കൈമാറിയാൽ പൈപ്പിടുന്ന പ്രവർത്തനം ആരംഭിക്കും. ഇതിനുള്ള അപേക്ഷ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.