കല്ലടിക്കോട്: നവീകരണം കാത്ത് കാഞ്ഞിരപ്പുഴ പ്രധാന കനാൽ. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് കാർഷിക ജലസേചനത്തിന് വെള്ളം തുറന്നുവിടാൻ സ്ഥാപിച്ച പ്രധാന കനാലിനകത്ത് ചെളിയും പാഴ്ചെടികളും നിറഞ്ഞതോടെ ജല വിതരണ മാർഗങ്ങൾ തടസ്സപ്പെടാൻ സാധ്യത കൂടിയതായി കർഷകർ പരാതിപ്പെട്ടു. കരിമ്പ ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വരുന്ന മണ്ണാത്തിപ്പാറക്കും കീരിപ്പാറക്കും ഇടയിൽ കനാൽ വരമ്പ് നിറയെ കാട് വളർന്ന നിലയിലാണ്.
മിക്കയിടങ്ങളിലും കനാലിന്നകത്ത് ഒരാൾ പൊക്കത്തിൽ കുറ്റിക്കാട് വളർന്ന് പന്തലിച്ചു. കാഞ്ഞിരപ്പുഴ ഡാമിൽനിന്ന് കരിമ്പ, കോങ്ങാട്, കടമ്പഴിപ്പുറം, പൂക്കോട്ട്കാവ്, തൃക്കടീരി തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലേക്കും ഒറ്റപ്പാലം താലൂക്കിലുൾപ്പെട്ട വാലറ്റ പ്രദേശങ്ങളിലേക്കും ജലം വിതരണം ചെയ്യുന്ന കനാലാണിത്. വർഷംതോറും തൊഴിലുറപ്പ് പദ്ധതി പ്രകാരം അതത് ഗ്രാമപഞ്ചായത്തുകളിലെ കനാൽ ബന്ധപ്പെട്ടവർ നവീകരിച്ചിരുന്നു.
രണ്ട് വർഷമായി ഈ പുനരുദ്ധാരണ പ്രവൃത്തി നിലച്ച മട്ടാണ്. കാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതി പ്രാവർത്തികമായതുമില്ലെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്.
സാധാരണ ഗതിയിൽ വേനലാരംഭിക്കുന്നതിന് മുമ്പ് തന്നെ കനാൽ നവീകരിക്കാറുണ്ട്. കനാൽ പുനരുദ്ധാരണ പ്രവൃത്തി നടത്താത്ത പക്ഷം ജലവിതരണം ഗുണം ചെയ്യില്ലെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.