കൊടുവായൂർ: ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ജനം ദുരിതത്തിൽ. ബൈപാസ് പദ്ധതി എങ്ങുമെത്തിയില്ല. 2016ൽ ബജറ്റിൽ പത്തുകോടി രൂപ നീക്കിവെച്ച പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മാപ്പ് തയാറാക്കിയതല്ലാതെ മറ്റു പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല. ജില്ലയിൽ ഏറ്റവും വലിയ പച്ചക്കറി- ടെക്സ്റ്റൈൽ മാർക്കറ്റുകളിൽ ഒന്നായ കൊടുവായൂരിലെ തിരക്ക് നിയന്ത്രിക്കാനുള്ള പദ്ധതി ഇഴയുകയാണ്.
ബൈപാസിന് തേങ്കുറിശി-ഒന്ന്, പെരുവെമ്പ്, കൊടുവായൂർ-ഒന്ന്, രണ്ട് വില്ലേജുകളിൽനിന്ന് 19.48 ഏക്കർ സ്ഥലം ഏറ്റെടുക്കണം. മലമ്പുഴ കനാലിന്റെ ഭാഗമായ നവക്കോട് മുതൽ എത്തന്നൂർ പാലം വരെ സ്ഥലമാണ് പദ്ധതിക്ക് വേണ്ടത്.
തേങ്കുറിശി ഒന്ന് വില്ലേജിൽ 24.23 സെന്റും പെരുവെമ്പിൽ 1.15 ഏക്കറും കൊടുവായൂർ ഒന്നിൽ 9.94ഉം കൊടുവായൂർ രണ്ട് വില്ലേജ് ബ്ലോക്ക് ഒന്നിൽ 3.85ഉം രണ്ടിൽ 4.64 ഏക്കറുമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് കൈമാറിയാലേ നിർമാണം ആരംഭിക്കാനാവൂ.
തിരക്കുള്ള പച്ചക്കറി മാർക്കറ്റും നിരവധി കച്ചവട സ്ഥാപനങ്ങളും ക്ഷേത്രവും പള്ളിയും ഉൾപ്പെടുന്ന കൊടുവായൂരിൽ എന്നും ഗതാഗതക്കുരുക്കാണ്. അതിരാവിലെ ആരംഭിക്കുന്ന തിരക്ക് രാത്രി വരെ നീളും.
വാഹനങ്ങളുടെ നിര ടൗണിന് പുറത്തേക്ക് നീളുന്ന അവസ്ഥയുണ്ട്. പരിഹരിക്കാൻ പൊലീസ് ഇല്ലാത്തതും തലവേദനയാണ്. സ്കൂൾ സമയത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകും. കൊടുവായൂർ- ചിറ്റൂർ റോഡിന് സമീപത്തെ പള്ളി മുതൽ ആൽത്തറ വിനായക ക്ഷേത്രം വരെ വീതികുറഞ്ഞ റോഡാണ്.
ഇരുവശത്തും വ്യാപാര സ്ഥാപനങ്ങളായതിനാൽ ഏതുസമയവും ചരക്കുവാഹനങ്ങൾ നിർത്തി ലോഡിറക്കുകയും കയറ്റുകയും ചെയ്യും. ഇതിന് പുറമെയാണ് ഓട്ടോ പാർക്കിങ്. അശാസ്ത്രീയ ബസ് സ്റ്റോപ്പുകളും അനധികൃത പാർക്കിങ്ങും മൂലമുള്ള ബുദ്ധിമുട്ട് വേറെയും.
ഓട്ടോ സ്റ്റാൻഡിന് മറ്റൊരിടം കണ്ടെത്താനും ചരക്ക് നീക്കത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്താനും കഴിയാത്തത് സ്ഥിതി വഷളാക്കുന്നു.
ആലത്തൂർ, പാലക്കാട്, ചിറ്റൂർ, കുഴൽമന്ദം പാതകളിൽ ഗതാഗത പരിഷ്കാരം നടപ്പാക്കി പ്രശ്നം പരിഹരിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ ശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല. യാത്ര എളുപ്പമാക്കാൻ ബൈപാസ് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബൈപാസ് നിർമാണത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും നിയമ പ്രതിസന്ധികൾ മറികടന്നതായും നിർമാണ നടപടികൾ വേഗത്തിലാക്കുമെന്നും കെ. ബാബു എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.