കോങ്ങാട്: റിട്ട. ഐ.ജി രാജന്റെ നിര്യാണത്തിലൂടെ നഷ്ടമായത് കുറ്റവാളികളുടെയും കുറ്റങ്ങളുടെയും ശാസ്ത്രം വിശകലനം ചെയ്യുന്നതിൽ നൈപുണ്യം നേടിയയാളെ. കൊടുവായൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിലായിരുന്നു ഉപരിപഠനം. തമിഴ്നാടിലെ തിരുകൊയ്ലറിൽ അസി. പൊലീസ് സൂപ്രണ്ടായി ഔദ്യോഗിക ജീവിതം തുടങ്ങി. സംസ്ഥാനത്തിനകത്തും ഡൽഹിയിലും പൊലീസ് സേനയിൽ ജോലി ചെയ്തു. നക്സൽ പ്രസ്ഥാനം കരുത്താർജിച്ച കാലഘട്ടത്തിലും പൊലീസ് സേനയെ നയിച്ചു. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച കാലഘട്ടത്തിൽ എഴുത്തിലും വായനയിലും ശ്രദ്ധയൂന്നി.
പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. പൊലീസ് സേനക്കും കുറ്റവാളികളെപ്പറ്റി ആഴത്തിൽ പഠനം നടത്തുന്നവർക്കും വഴികാട്ടിയാവുന്ന പുസ്തകങ്ങളും രചിച്ചു. കുറച്ച് കാലം മഹർഷി മഹേഷ് യൂനിവേഴ്സിറ്റി പ്രഫസറുമായി.
വിശ്രമജീവിതം കോങ്ങാട് കോട്ടപ്പടികളത്തിലെ വീട്ടിലും ചെന്നൈയിലുമായിരുന്നു. ഒരാഴ്ച മുമ്പ് ചെന്നൈയിൽനിന്ന് കോങ്ങാട് കുടുംബക്ഷേത്ര ജീർണോദ്ധാരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കാറിൽ കോയമ്പത്തൂരിലെത്തി അവിടെന്ന് വിമാന മാർഗം ചെന്നൈയിലെത്തിയത്. ചൊവ്വാഴ്ച പുലർച്ച മൂന്നിന് ദേഹാസ്വാസ്ഥ്യം കാരണം തൊട്ടടുത്ത നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെന്നൈയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.