കോട്ടായി: കർണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മംകൊണ്ട് അനുഗൃഹീതമാണ് കോട്ടായി പഞ്ചായത്ത്. കാർഷികവൃത്തിയെ ആശ്രയിക്കുന്നവരാണ് പഞ്ചായത്തിൽ സിംഹഭാഗവും.
പച്ചക്കറി- കിഴങ്ങ് കൃഷിക്ക് നൂറ്റാണ്ടുകളായി പേരും പെരുമയും നിലനിർത്തി വരുന്ന പഞ്ചായത്തിെൻറ രാഷ്ട്രീയഗതി നിർണയിക്കുന്നതിൽ ജനസംഖ്യയിൽ പകുതിയോളം വരുന്ന പട്ടികജാതിക്കാർക്കും കാര്യമായ പങ്കുണ്ട്. അഭ്രപാളികളിൽ പോലും പണ്ടേ ഹിറ്റായ കോട്ടായി കയ്പക്കയും മധുരക്കിഴങ്ങിനുമൊപ്പം ഇടതിനോടടുപ്പവും ചേർത്തുവെക്കുന്നു കോട്ടായി. നാല് പതിറ്റാണ്ടായി ഇടതിെൻറ കുത്തകയായ കോട്ടായി പഞ്ചായത്തിൽ ഭരണം പിടിച്ചെടുക്കാൻ ഒാരോ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് പതിനെട്ടടവും പയറ്റാറുണ്ടെങ്കിലും പ്രതീക്ഷ പോലെ ഉയരാനാവാത്തത് മുൻ തെരഞ്ഞെടുപ്പുകളിൽ സ്ഥിരം കാഴ്ചയായിരുന്നു. 2010ൽ 15ൽ ആറ് വാർഡുകൾ ഭരിച്ചിരുന്ന യു.ഡി.എഫ് 2015ൽ വെറും മൂന്ന് സീറ്റിലൊതുങ്ങി.
അതിൽ തന്നെ ഏഴാം വാർഡിൽ ഇരുമുന്നണി സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർഥിയായ വി.ആർ. ഭാസി ജയിച്ചത്.
2015ൽ എൽ.ഡി.എഫ് 11 സീറ്റായിരുന്നു നേടിയത്. യു.ഡി.എഫ് നാലും. എന്നാൽ, 14ാം വാർഡിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ശങ്കരെൻറ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.കെ. കൃഷ്ണൻ വിജയിച്ചതോടെ എൽ.ഡി.എഫ് സീറ്റുനില 12 ആയി. യു.ഡി.എഫ് മൂന്നിലേക്ക് ചുരുങ്ങുകയും ചെയ്തു. ബി.ജെ.പി കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ചില വാർഡുകളിൽ മുന്നണികളുടെ ജയപരാജയങ്ങൾ നിർണയിക്കുന്ന ശക്തിയായി വെൽഫെയർ പാർട്ടിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നു.
എൽ.ഡി.എഫ് മുന്നണിയിൽ സി.പി.എം തന്നെയാണ് മിക്ക വാർഡുകളിലും മത്സരിക്കുന്നത്. സി.പി.ഐ പേരിനുണ്ടെങ്കിലും പ്രവർത്തന രംഗത്ത് ദുർബലരാണ്. യു.ഡി.എഫിൽ പ്രബലൻ കോൺഗ്രസ് തന്നെ. പഞ്ചായത്തിൽ മുസ്ലിം ലീഗ് ഉണ്ടെങ്കിലും ഏറെ കാലമായി അവർ മത്സരത്തിനിറങ്ങാറില്ല. സംവരണ വാർഡുകളുടെ ചിത്രം തെളിഞ്ഞതോടെ യോജിച്ച സ്ഥാനാർഥിയെ തേടി എല്ലാ കക്ഷികളും ഓട്ടത്തിലാണ്. സ്ഥാനാർഥി നിർണയത്തിൽ എൽ.ഡി.എഫ് തന്നെയാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.