പാലക്കാട്: തിരുവനന്തപുരത്തിന് സമാനമായി സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന സിറ്റി സർക്കുലർ ബസ് പദ്ധതിയുടെ ആദ്യഘട്ടം പാലക്കാട് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പാലക്കാട് പുതുതായി നിർമിച്ച കെ.എസ്.ആര്.ടി.സി ടെർമിനൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഡിപ്പോയിലെ വർക്ഷോപ്പ് ആധുനീകരിച്ച് നവീകരിക്കും. അനർട്ടുമായി ചേർന്ന് സൗരോർജപദ്ധതി ഡിപ്പോയിൽ നടപ്പാക്കും. കൂടുതൽ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ഡിപ്പോയിൽ പുതുതായി നിർമിക്കുന്ന പെട്രോൾ -ഡീസൽ പമ്പ് പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്രദമായ രീതിയിൽ പ്രധാനനിരത്തിനോട് ചേർന്ന് വൈദ്യുതി ചാർജിങ് സംവിധാനമടക്കം സജ്ജീകരിച്ച് ഒരുക്കും.
പരിപാടിയില്‍ കമേഴ്സ്യല്‍ സ്പേസ് ഉദ്ഘാടനം, ഓഫിസ് ഉദ്ഘാടനം എന്നിവയും നടന്നു. ഷീ സ്പേസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിര്‍വഹിച്ചു. സ്റ്റേഷന് മാസ്റ്റര്‍ ഓഫിസ്, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എം.പി നിര്‍വഹിച്ചു. പാലക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 8.095 കോടി ചെലവിലാണ് ടെർമിനൽ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പരിപാടിയില്‍ എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, കെ. ശാന്തകുമാരി, കെ. പ്രേംകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കലക്ടര്‍ മൃണ്മയി ജോഷി, കെ.എസ്.ആര്.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.