കുഴൽമന്ദം: കുടുംബസ്വത്ത് സംബന്ധമായ വഴക്കിനെ തുടർന്നുള്ള വിരോധത്താൽ യുവതിയെയും അവരുടെ മാതാവിനെയും മ൪ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ ബന്ധുവിന് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം. പാലക്കാട് അഞ്ച് അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് സി.എം. സീമ ആണ് ശിക്ഷ വിധിച്ചത്. മാത്തൂ൪ ചുങ്കമന്ദം കൂമ്മൻകാട് അനീഷയുടെ (28) പരാതിയിലാണ് മാത്തൂ൪ ചുങ്കമന്ദം കൂമ്മൻകാട് പാലക്കോട് രാധാകൃഷ്ണനെ (49) ശിക്ഷിച്ചത്. പിഴത്തുകയിൽനിന്ന് 15000 രൂപ അനീഷക്ക് നൽകണം. 2019 സെപ്റ്റംബ൪ 14ന് വൈകീട്ട് 4.30നാണ് സംഭവം.
അനീഷയും മാതാവും രാധാകൃഷ്ണനും ഒന്നിച്ച് താമസിക്കുന്ന കൂമൻകാടുള്ള വീട്ടിൽവെച്ച് മാതാവിനെ രാധാകൃഷ്ണൻ തല്ലുന്നതുകണ്ട് പിരിച്ചുവിടാൻ ശ്രമിക്കവെ രാധാകൃഷ്ണൻ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പട്ടികവടി കൊണ്ട് അനീഷയുടെ തലയിലടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് കേസ്. അനീഷയുടെ അമ്മാവനാണ് രാധാകൃഷ്ണൻ. കുഴൽമന്ദം സബ് ഇൻസ്പെക്ടർ എ. അനൂപ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എട്ട് സാക്ഷികളെ വിസ്തരിച്ച് 12 രേഖകൾ സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി. ജയപ്രകാശ് ഹാജരായി. എസ്.സി.പി.ഒ സുഭാഷ്, എ.എസ്.ഐ. ബിജിത എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.