കുഴൽമന്ദം: ലോറിക്കും ബസിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ദേശീയപാത ചിതലി വെള്ളപ്പാറയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ മോഹനന്റെ മകൻ ആദർശ് മോഹൻ (23), സുഹൃത്ത് കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയംകുന്നിലെ കെ. തമ്പാന്റെ മകൻ കെ. സബിത്ത് (26) എന്നിവരാണ് മരിച്ചത്.
യുവാക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ, പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ പിറകുവശം ബൈക്കിൽ തട്ടിയാണ് അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് ലോറിക്കിടയിലും ബസിനടിയിലും കുടുങ്ങി ഇരുവരും മരിച്ചു. അമിതവേഗതയിൽ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഒരു സ്വകാര്യ ചാനലിന് ലഭിച്ച വിഡിയോ ക്ലിപ്പിൽ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് മരണകാരണമെന്ന തെളിവുകൾ പുറത്ത് വന്നു.
കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുഴൽമന്ദം ഇൻസ്പെക്ടർ ആർ. രജീഷ് അറിയിച്ചു. പോസ്റ്റ്മോർട്ടശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സബിത്തിന്റെ മൃതദേഹം കാസർകോട്ടേക്ക് കൊണ്ടുപോയി. ആദർശ് മോഹൻ ബംഗളൂരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുകയാണ്. സബിത്ത് ആലത്തൂരിൽ എയർടെൽ കമ്പനി സെയിൽസ് എക്സിക്യൂട്ടിവാണ്. ആദർശിന്റെ വീടിന്റെ മുകൾ നിലയിൽ വാടകക്ക് താമസിക്കുകയായിരുന്നു. ശാന്തയാണ് സബിത്തിന്റെ മാതാവ്. സഹോദരൻ: ശരത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.