പാലക്കാട്: വ്യജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി മൂലഗംഗലിലെ ഊര് മൂപ്പൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അട്ടപ്പാടി ഷോളയൂർ വില്ലേജിലെ മൂലഗംഗലിൽ നിലവിൽ ആദിവാസികൾ മാത്രമാണുള്ളത്. പാരമ്പര്യമായി ഇവിടെ താമസിക്കുന്ന ആദിവാസികൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അടിയന്തരമായി ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ മൂലഗംഗൽ സന്ദർശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ന് മൂലഗംഗൽ ഊരിൽ പൊലീസ് എത്തിയെന്ന് മൂപ്പൻ മുരുകൻ പറഞ്ഞു. ആദിവാസികൾ അല്ലാത്തവർ വ്യാജ ആധാരങ്ങളും വ്യാജ പട്ടയങ്ങളും കോടതി ഉത്തരവുകളുമായി വന്ന് ആദിവാസി ഭൂമി കൈയേറുമെന്ന് ഭീഷണിപ്പെടുത്തുവെന്ന് പൊലീസിന് മൊഴി കൊടുത്തതായി മൂപ്പൻ പറഞ്ഞു. പാർലമെന്റ് 2006 ൽ പാസാക്കിയ വനാവകാശ നിയമപ്രകാരം 2426.57 ഏക്കർ ഭൂമിയാണ് സാമൂഹിക വനാവകാശമായി മണ്ണാർക്കാട് ഡി.എഫ്.ഒയും അട്ടപ്പാടി പ്രോജക്ട് ഓഫീസറും ആദിവാസികൾക്ക് ഒപ്പിട്ട് നൽകിയത്.
ഈ ഭൂമിയുടെ അതിർത്തി വടക്ക് -തൂവ, തെക്ക് -മേൽതോട്ടം, പടിഞ്ഞാറ്- ബൊമ്മൻകുടി, കിഴക്ക് കൊടുങ്കരപുഴ എന്നിങ്ങനെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വനാവകാശ നിയമ പ്രകാരം ആദിവാസികളുടെ ഗ്രാമസഭയക്കാണ് ഈ പ്രദേശത്തിന്റെ അധികാര അവകാശങ്ങൾ. ആദിവാസികളുടെ ഭൂമി അളന്ന് ആദിവാസികൾക്ക് ഭൂരേഖ നൽകണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മൂപ്പൻ ആവശ്യപ്പെട്ടത്. ആദിവാസി ഭൂമിക്ക് രേഖ നൽകുന്നത് വരെ പ്രദേശത്തെ എല്ലാ ഭൂമി കൈമാറ്റങ്ങളും രജിസ്ട്രേഷനും നിർത്തിവെക്കാൻ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. മൂലഗംഗൽ സാമൂഹിക വനാവകാശ പ്രകാരം സംരക്ഷിത മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശമാണ്. ഈ മേഖലയിലാണ് ഭൂമി കൈയേറ്റം നടക്കുന്നത്. ഊര് മുപ്പന് പുറമെ ശിവൻ, നഞ്ചി, മൈല, മാരി, കുഞ്ച, രുഗ്മിണി, ലക്ഷ്മി, ശിവ തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.