പാലക്കാട്: 125 വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന 100 ശതമാനം കാഴ്ചയില്ലാത്ത വ്യക്തി, ലൈഫ് മിഷൻ പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം ഭവന നിർമാണാനുകൂല്യത്തിന് അനർഹനാണെങ്കിൽ ജനകീയാസൂത്രണ പദ്ധതിയിലോ മറ്റോ ഉൾപ്പെടുത്തി വീട് പുനരുദ്ധരിക്കാൻ ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ.
മണ്ണാർക്കാട് ചെത്തല്ലൂർ പുത്തൻവാരിയത്തിൽ പി.വി. ശ്രീധരനെ സാമ്പത്തികമായി സഹായിക്കാനാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്. ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനകം പരാതിക്കാരനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
66 വയസ്സുള്ള പരാതിക്കാരനടങ്ങുന്ന കുടുംബത്തിന് 516 അടി വിസ്തീർണമുള്ള വാസയോഗ്യമായ വീടുണ്ടെന്ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.
എന്നാൽ, തന്റെ വീട് ചിതലരിച്ച് നശിക്കുകയാണെന്നും റേഷൻ കാർഡിൽ ഉൾപ്പെട്ട മൂന്നുപേരും സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവരാണെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പുതിയ വീട് നിർമിക്കാത്തതെന്നും പരാതിക്കാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.