പൊള്ളാച്ചി: പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പൊതുമരാമത്തു വകുപ്പ് അധികൃതരുടെ തീരുമാനമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചത്. പൊള്ളാച്ചി മുതൽ സേത്തുമട, ആളിയാർ വരെയുള്ള റോഡുകളുടെ ഇരുവശവും ആയിരത്തിൽ അധികം പുളി, ഞാവൽ, വേപ്പ് തുടങ്ങി പലതരം മരങ്ങൾ ഉണ്ട്. റോഡ് വികസന ഭാഗമായി അബ്രാംപാളയം മുതൽ സേതമൈത വരെ റോഡിനിരുവശവും നൂറ്റാണ്ട് പഴക്കമുള്ള പുളിമരങ്ങളാണ് റോഡിന്റെ ഭംഗി വർധിപ്പിക്കുന്നത്.
റോഡരികിലെ മരങ്ങൾ അപകടങ്ങൾക്ക് വഴിവക്കുന്നെന്ന വാദവുമായാണ് പൊതുമരാമത്ത് വിഭാഗം റോഡ് വീതികൂട്ടാൻ പദ്ധതിയിട്ടത്. റോഡ് സുരക്ഷാപദ്ധതി പ്രകാരം 1.94 കോടി ചെലവിൽ റോഡിന്റെ ഒരുവശം അഞ്ചുമീറ്റർ ദൂരത്തിൽ വീതികൂട്ടി സെന്റർ മീഡിയൻ നിർമിക്കാൻ പദ്ധതി തയാറാക്കി സർക്കാരിന് അയച്ചു. തുടർന്നാണ് ആനമലയിൽ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ പൊതുമരാമത്ത് വിഭാഗം നടപടി സ്വീകരിക്കുന്നതെന്ന വിവരം ജനങ്ങൾക്കിടയിൽ പരന്നത്. ഇതിൽ പ്രതിഷേധിച്ച് ആനമലയിലെ വിവിധ സംഘടനകളും പൗരപ്രമുഖരും ആനമല ചുങ്കംമേഖലയിൽ പ്രകടനം നടത്തി. തുടർന്ന് പൊതുമരാമത്ത് വിഭാഗം ഓഫിസ് ഉപരോധിച്ച് സമരവും നടത്തി. വിവരമറിഞ്ഞ് ആനമല പൊലീസ് ഇൻസ്പെക്ടർ കുമാർ സ്ഥലത്തെത്തി പൊതുജനങ്ങളുമായി ചർച്ച നടത്തി.
മരം മുറിക്കാൻ ടെൻഡർ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി പറഞ്ഞതോടെ സമരം അവസാനിപ്പിച്ചു. പൊള്ളാച്ചി-ആനമല റോഡരികിലെ പുളിമരങ്ങൾ ആകാശം മറക്കുന്ന പച്ചപന്തലുകൾ പോലെ തോന്നിക്കുന്നതിനാൽ നിരവധി ആളുകൾ ഇവിടെവന്ന് ചിത്രമെടുക്കുന്നതും വിവാഹ ആൽബങ്ങൾ പകർത്തുന്നതും പതിവാണ്.
10 വർഷം മുമ്പ് പൊള്ളാച്ചി ഭാഗത്ത് പാതകൾക്ക് ഇരുവശവും ആയിരക്കണക്കിന് മരങ്ങളുണ്ടായിരുന്നതായും പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരെയുള്ള റോഡിൽ റോഡ് വീതി കൂട്ടുന്നതിന്റെ പേരിലാണ് മുറിച്ചതെന്നും നാട്ടുകാർ പറഞ്ഞു.
പകരം പുതിയ തൈകൾ നട്ടുപിടിപ്പിക്കുമെന്ന അധികൃതരുടെ ഉറപ്പും പാലിച്ചില്ല. ഇതിന്റെ ഫലമായി പൊള്ളാച്ചി മേഖലയിൽ കാലവർഷത്തിൽ മാറ്റും വെയിലിന്റെ ആഘാതവും വർധിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ ആനമല റോഡിന്റെ വീതി കൂട്ടുന്നതിന് അഞ്ച് മീറ്ററിന് പകരം രണ്ട് മീറ്റർ വീതി കൂട്ടി റോഡ് നവീകരിച്ചാൽ മരം മുറിക്കേണ്ടി വരില്ല. റോഡരികിലെ മരങ്ങൾ മുറിക്കാതെ റോഡ് വീതികൂട്ടാൻ പൊതുമരാമത്ത് വിഭാഗം മുന്നോട്ടുവരണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.