ഒറ്റപ്പാലം: കണ്ണിയംപുറം സപ്ലൈകോ ഗോഡൗണിലേക്ക് കൊണ്ടുവന്ന അരി ഇറക്കാതെ ലോറികൾ പാതയോരത്ത് മണിക്കൂറുകളോളം നിർത്തിയിട്ടത് അധികൃതർക്ക് തലവേദനയായി. ശനിയാഴ്ച രാവിലെ മുതൽ റോഡിൽ കിടന്ന ലോറികൾ വൈകുന്നേരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മനിശ്ശേരി ഭാഗത്തേക്ക് മാറ്റി.
പാലക്കാട് - കുളപ്പുള്ളി പാതയിൽ കണ്ണിയംപുറം പാലത്തിന് സമീപമാണ് സപ്ലൈകോ ഗോഡൗണുള്ളത്. ഇവിടേക്കുള്ള അരിയുമായി എത്തിയ ഇരുപതോളം ലോറികൾ നിരനിരയായി പാതയോരത്ത് ഇരുവശങ്ങളിലുമായി നിർത്തിയിട്ടതോടെയാണ് വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നത്. വൈകുന്നേരമായിട്ടും ലോഡ് ഇറക്കാത്തതിനെ തുടർന്ന് രാത്രിയിലെ അപകട സാധ്യത മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഇടപെട്ടതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ എസ്. രാജൻ സ്ഥലത്തെത്തി ലോറികൾ മാറ്റിയിടാൻ നിർദേശം നൽകി.
ലോഡ് ഇറക്കുന്നതിൽ കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമല്ല. തിങ്കളാഴ്ച ഇറക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.