പാലക്കാട്: പ്രതിസന്ധികളിൽനിന്ന് പ്രതിസന്ധികളിലേക്ക് ഡെബ്ൾ ബെല്ലടിച്ച് ജില്ലയിലെ സ്വകാര്യബസ് വ്യവസായം. കോവിഡ് പ്രതിസന്ധിക്കുശേഷം ബസ് തൊഴിൽമേഖലയിലും ഇപ്പോഴും മാന്ദ്യം തുടരുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ബസുകൾ സർവിസുകൾ വെട്ടിച്ചുരുക്കിയതും തൊഴിലാളികളെ കുറച്ചതിലൂടെയും നിരവധി പേർക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടമായി. കുടുംബം പോറ്റാൻ മറ്റ് ചെറിയ ജോലികൾ ചെയ്യുകയാണ് പലരും.
പല ബസുടമകളും വൻവില നൽകി വാങ്ങിയ ബസുകൾ നിസ്സാര വിലയ്ക്ക് വിറ്റ് മറ്റ് മേഖലയിലേക്ക് ചേക്കേറി. കോവിഡിനുശേഷം സർവിസുകൾ നിർത്തിയതിനാൽ 1000 പേരുടെയെങ്കിലും തൊഴിൽ നഷ്ടമായതായാണ് കണക്കാക്കുന്നത്.
തൊഴിലാളികളെ കുറച്ചതുമൂലമുള്ള തൊഴിൽനഷ്ടം ഇതിനുപുറമേ. കോവിഡിനുമുമ്പ് ജില്ലയിൽ 1100ത്തോളം സ്വകാര്യബസുകളുണ്ടായിരുന്നു. ഇത് ഏകദേശം 850 ആയി കുറഞ്ഞു. ഏറ്റവും കൂടുതൽ ബസുകൾ ഓടിക്കുന്ന ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷന്റെ കീഴിൽവരുന്ന ബസുകളുടെ മാത്രം കണക്കാണിത്.
കോവിഡിനുമുമ്പ് ഒരുബസിൽ നാല് തൊഴിലാളികളും ഇവർക്കുപകരക്കാരായി പുറത്ത് രണ്ടുപേരുമുണ്ടായിരുന്നു. കോവിഡിനുശേഷം പല ബസുടമകളും തൊഴിലാളികളെ രണ്ടായി കുറച്ചു. ബസുകളിൽ പലതിലും ഓട്ടോമാറ്റിക് വാതിൽ സംവിധാനം ഏർപ്പെടുത്തിയതും തൊഴിൽ നഷ്ടത്തിനിടയാക്കി.
ബസിൽ സ്ഥിരമായുണ്ടായിരുന്ന ക്ലീനർമാർക്കാണ് തൊഴിൽനഷ്ടം കൂടുതൽ. വർക് ഷോപ്പുകൾ, പെയിന്റിങ് തുടങ്ങിയ രംഗങ്ങളിലെ തൊഴിൽനഷ്ടം വേറെ. ദീർഘദൂര സർവിസുകൾ നടത്തുന്നതിൽനിന്ന് സ്വകാര്യബസുകളെ വിലക്കിയതിനെ തുടർന്ന് കഴിഞ്ഞവർഷം 50ഓളം ബസുകൾ സർവിസ് നിർത്തിയിരുന്നു. ഇതുൾപ്പെടെയാണ് 250 ബസുകളുടെ കുറവ്. ഇതിനെത്തുടർന്നുതന്നെ ഈ മേഖലയിൽ 1000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഓൾ കേരള ബസ് ഓപറേറ്റേഴ്സസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.
ബസ് സർവിസുകൾ നിർത്തിയതുമൂലം നികുതിയിനത്തിൽ സംസ്ഥാന സർക്കാറിനും വൻനഷ്ടം. ഒരു ബസിൽ ദിവസം ശരാശരി 80 ലിറ്റർ ഡീസലടിക്കും. ഒരുലിറ്റർ ഡീസൽ അടിക്കുമ്പോൾ നികുതിയിനത്തിൽ സംസ്ഥാന സർക്കാറിനു 22 രൂപയോളം ലഭിക്കും.
ഇതിനുപുറമേ മറ്റു നികുതികൾകൂടി ചേരുമ്പോൾ ഒരു ബസ് സർവിസ് നിർത്തുന്നതുമൂലം സർക്കാറിന് ദിവസം കുറഞ്ഞത് 3000 രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ദിവസം സംസ്ഥാന സർക്കാറിന് ആകെ നഷ്ടം 75 ലക്ഷം രൂപയാണ്. സ്പെയർ പാർട്സുകളുടെ ജി.എസ്.ടി ഇനത്തിൽ സർക്കാറിനുകിട്ടേണ്ട തുക കുറഞ്ഞതു വേറെ.
കോവിഡിനുശേഷം ആളുകൾ സ്വന്തംനിലക്ക് യാത്രാസൗകര്യങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് യാത്രക്കാർ കുറഞ്ഞിട്ടുണ്ട്. കോവിഡിനു മുമ്പ് ബസ് യാത്ര ചെയ്തിരുന്ന ആളുകളിൽ വലിയൊരു ശതമാനം ഇപ്പോൾ യാത്ര ചെയ്യുന്നില്ല. വിദ്യാർഥികളാണ് കൂടുതൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നതെന്നും ബസ് കണ്ടക്ടർ പി.ആർ. സുധീർ പറഞ്ഞു.
സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. നിലവിൽ സർവിസ് നടത്തുന്ന ബസുകളുടെ സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിച്ചാൽ മാത്രമേ ഫിറ്റ്നസ് പുതുക്കി തരൂ. ഉത്തരവ് കോടതി സ്റ്റേ ചെയ്തെങ്കിലും പിന്നീട് നടപ്പായാൽ ഒരു ബസിന് ഏകദേശം 25000 രൂപ ചെലവുവരുമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സസ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് എ.എസ്. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.