മണ്ണാര്‍ക്കാട്: പാലക്കാട് -മണ്ണാര്‍ക്കാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ഫെയര്‍ സ്റ്റേജ് പുനഃക്രമീകരിച്ചു. മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചറിന് ചൂരിയോട്, മാച്ചാംതോട്, സത്രംകാവ്, മുണ്ടൂര്‍, ഒലവക്കോട്, പാലക്കാട് എന്നിങ്ങനെയായിരുന്നു നേരത്തേയുണ്ടായിരുന്ന ഫെയര്‍ സ്റ്റേജ്. പുനഃക്രമീകരിച്ചതോടെ ഇത് ചിറക്കല്‍പ്പടി, തച്ചമ്പാറ, കല്ലടിക്കോട് ടി.ബി, മുണ്ടൂര്‍, ഒലവക്കോട്, പാലക്കാട് എന്നിങ്ങനെയായി. ചൂരിയോട്, മാച്ചാംതോട് എന്നിവക്കു പകരം ചിറക്കല്‍പ്പടി, കല്ലടിക്കോട് ടി.ബി എന്ന തരത്തിലാണ് മാറ്റം വരുത്തിയത്.
മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടേക്ക് 56 രൂപയാണ് നിരക്ക്. ചിറക്കല്‍പ്പടിയില്‍ നിന്ന് കയറുന്നവര്‍ക്ക് മണ്ണാര്‍ക്കാട്ടു നിന്നുള്ള നിരക്കാണ് നല്‍കേണ്ടി വന്നിരുന്നത്. കല്ലടിക്കോട്ടു നിന്നുള്ള യാത്രക്കാരില്‍ നിന്ന് മാച്ചാംതോട് നിന്നുള്ള നിരക്കായ 42 രൂപയും ഈടാക്കിയിരുന്നു. ഫെയര്‍ സ്റ്റേജ് പുതുക്കിയപ്പോള്‍ ഇത് യഥാക്രമം 50, 34 രൂപയായി മാറി. ഫലത്തില്‍ ചിറക്കല്‍പ്പടിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആറു രൂപയുടെയും കല്ലടിക്കോടു നിന്നുള്ളവര്‍ക്ക് എട്ടു രൂപയുടേയും വ്യത്യാസമുണ്ടായി.
ഫെയർ സ്റ്റേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പരാതി നൽകിയിരുന്നു. അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസന സമിതിയും കത്ത് നല്‍കിയിരുന്നു. 2022 മേയിലാണ് അവസാനം പുതുക്കിയത്.
മൂന്ന് ഓര്‍ഡിനറിയുടെ സ്റ്റേജിന് ഒരു ഫാസ്റ്റ് എന്ന തരത്തിലാണ് ഫാസ്റ്റ് പാസഞ്ചറുകളുടെ ഫെയര്‍ സ്റ്റേജ് തിട്ടപ്പെടുത്തുന്നത്. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്ന് പാലക്കാട്ടേക്ക് രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്.
ഇതിന് പുറമേ സുല്‍ത്താന്‍ ബത്തേരി, തൊട്ടില്‍പ്പാലം, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്നും മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. സ്ഥിരം യാത്രക്കാരുൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസകരമാണ് പുനഃക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.