മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് രണ്ട്, മൂന്ന് ഘട്ട നവീകരണപ്രവൃത്തികള്‍ക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം നല്കി. തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.
വിവിധ പദ്ധതിപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും എന്‍. ഷംസുദ്ദീന് എം.എല്‍.എ വിലയിരുത്തി. അന്തര്‍സംസ്ഥാന പാതയില്‍ അട്ടപ്പാടി ചുരം ഉൾപ്പെടുന്ന രണ്ടാംഘട്ടത്തിന് 30.50 കോടി രൂപയുടെയും മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള മൂന്നാംഘട്ടത്തിന് 86.27 കോടി രൂപയുടെയും പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ സാങ്കേതിക അനുമതിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടത്തുവാന്‍ സാധിക്കുമെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന ഒന്നാംഘട്ട നിര്‍മാണപ്രവൃത്തികള്‍ 2025 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു. കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെയുള്ള 22 കിലോമീറ്ററില്‍ മലയോരഹൈവേ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് 91.41 കോടി രൂപയുടെ പ്രസ്തുത പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. കരാര്‍ നടപടികള്‍ക്ക് ശേഷം നിര്‍മാണം വൈകാതെ ആരംഭിക്കും. മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ അവസാനഘട്ട പ്രവൃത്തികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബര്‍ 31നകം ഇത് പൂര്‍ത്തിയാക്കും. ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം പത്ത് ദിവസത്തിനകം കരാര്‍ വെച്ച് ആരംഭിക്കാന്‍ സാധിക്കുമെന്നും കിഫ്ബി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തെങ്കര, ഗവ. യു.പി സ്കൂള്‍ ഭീമനാട്, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ കെട്ടിടനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഷോളയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍മാണപ്രവൃത്തികള്‍ വൈകാതെ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.