മണ്ണാര്‍ക്കാട്: ജനസുരക്ഷക്കും മാലിന്യം തള്ളല്‍ തടയാനുമായി മണ്ണാർക്കാട് നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ രണ്ടിന് നടക്കുമെന്ന് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയുന്ന നാല് നൂതന കാമറകള്‍ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷ്യന്‍ -എ.എന്‍.പി.ആര്) ഉള്‍പ്പടെ 46 കാമറകളാണ് നഗരത്തിലുള്ളത്. കാമറകളില്‍ പതിയുന്ന ദൃശ്യങ്ങൾ നഗരസഭക്കും പൊലീസ് സ്റ്റേഷനിലും ഒരേസമയം ലഭിക്കും.
65 ലക്ഷംരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ ഇരുവശത്തുമായി നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴവരെയാണ് കാമറകള്‍ സ്ഥാപിച്ചത്. ആശുപത്രിപ്പടി, പൊലീസ് സ്റ്റേഷന്, കോടതിപ്പടി എന്നിവിടങ്ങളില്‍ പ്രത്യേകം തൂണുകള്‍ സ്ഥാപിച്ചും മറ്റിടങ്ങളില്‍ തെരുവുവിളക്കിന്റെ തൂണുകളിലുമാണ് കാമറകള്‍ സ്ഥിതി ചെയ്യുന്നത്.
നഗരത്തിലേക്കുള്ള പ്രവേശനഭാഗമായ കുന്തിപ്പുഴ, നെല്ലിപ്പുഴ പാലങ്ങളുടെ സമീപത്താണ് എ.എൻ.പി.ആര് കാമറകളുള്ളത്. തെരുവു വിളക്കുകളിലേക്കുള്ള വൈദ്യുതിയാണ് കാമറകളുടെ പ്രവര്‍ത്തനത്തിനും വിനിയോഗിക്കുന്നത്. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗത്തില്‍നിന്ന് കരാറെടുത്ത കോഴിക്കോടുള്ള ഇന്‍ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനിയാണ് പ്രവൃത്തികള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.