മണ്ണാര്‍ക്കാട്: വഴിയോര കച്ചവട നിരോധിതമേഖലകളും നടത്തിപ്പിനുള്ള നിയന്ത്രണങ്ങളും മറ്റും സംബന്ധിച്ചുള്ള തെരുവ് കച്ചവട കരട് ബൈലോ നഗരസഭ പുറത്തിറക്കി. തെരുവുകച്ചവടക്കാർ (ഉപജീവന സംരക്ഷണവും തെരുവുകച്ചവട നിയന്ത്രണവും) നിയമം 2014 പ്രകാരമാണ് ബൈലോ തയാറാക്കിയിട്ടുള്ളത്. ഇതുപ്രകാരം നെല്ലിപ്പുഴ, അട്ടപ്പാടി റോഡ് പരിസരം, കുന്തിപ്പുഴ മുതല്‍ എം.ഇ.എസ് കല്ലടി കോളജ് വരെ എന്നീ ഭാഗങ്ങളില്‍ മാത്രമേ തെരുവുകച്ചവടം അനുവദിക്കൂവെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
മൂന്നര മീറ്റര്‍ വരെ വീതികുറഞ്ഞ റോഡുകളിലാണ് വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചിരിക്കുന്നത്. കോടതികള്‍, മിനി സിവില്‍ സ്റ്റേഷന്, ആര്.ഡി ഓഫിസ്, നഗരസഭാ ഓഫിസ്, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അർധസര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയുടെ പ്രധാന കവാടങ്ങളില്‍ നിന്നും 50 മീറ്റര്‍ ചുറ്റളവ് വരെ നിരോധിത കച്ചവടമേഖലയാണ്. അതേസമയം ബസ് സ്റ്റാന്‍ഡിന്റെ പ്രധാന കവാടങ്ങളില്‍നിന്ന് 50 മീറ്റര്‍ അകലത്തില്‍ കച്ചവടം അനുവദനീയമാണ്. പുരാവസ്തു പട്ടികയില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള മേഖലകള്‍, സ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍, ഉപകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വഴിവാണിഭ മേഖലയോ നിയന്ത്രിത കച്ചവടമേഖലയോ ആയ സ്ഥലത്തല്ലാതെ വഴിയോര കച്ചവടം അനുവദിക്കില്ല. രണ്ടോ അതിലധികമോ റോഡുകള്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ 50 മീറ്റര്‍ പരിധിക്കകത്ത് നിരോധനമുണ്ട്.
ചില നിയന്ത്രണങ്ങളോടെ നിശ്ചിത സമയത്തും സ്ഥലത്തും തെരുവു കച്ചവടം നടത്താൻ അനുമതി നല്കുന്ന നിയന്ത്രിത കച്ചവടമേഖല സംബന്ധിച്ച തീരുമാനം റോഡിന്റെ വീതി, തിരക്ക് എന്നിവക്ക് വിധേയമായാണ് നിശ്ചയിച്ചിട്ടുള്ളത്. യാതൊരു സാഹചര്യത്തിലും വീതി കുറഞ്ഞ (മൂന്നര മുതല്‍ ആറ് മീറ്റര്‍) റോഡില്‍ വഴിയോരകച്ചവടം അനുവദിക്കില്ല. ഒരുഭാഗത്തേക്ക് മാത്രമായി വാഹനഗതാഗതത്തിനായി പ്രഖ്യാപിക്കുന്ന പക്ഷം വീതികുറഞ്ഞ റോഡരികുകളില്‍ (ആറ് മുതൽ 12 മീറ്റര്‍ വരെ) വഴിയോരകച്ചവടം അനുവദിക്കാവുന്ന മേഖലകളാണെന്ന് ടൗണ്‍ വെൻഡിങ് കമ്മിറ്റി അനുമതി നല്‍കുന്നതാണ്. റോഡിന്റെ വീതി കൂടിയതും വീതി 12 മുതല്‍ 24 മീറ്ററിനകം വരുന്ന മേഖലകളില്‍ ഒരു ഭാഗം മാത്രം കച്ചവടം അനുവദിക്കും. 24 മീറ്ററിലധികം വീതി വരുന്ന റോഡിന്റെ ഇരുവശത്തും പ്രത്യേക മേഖലയില്‍ ഉള്‍ക്കൊള്ളാവുന്ന വഴിയോര കച്ചവടക്കാരുടെ എണ്ണത്തിന് ആനുപാതികമായി സ്ഥിരമായ ഒരുസ്ഥലത്ത് നടത്തിവരുന്ന തരത്തിലുള്ള വഴിയോരകച്ചവടങ്ങള്‍ അനുവദിക്കും. ഇത്തരം മേഖലകളില്‍ നടന്നോ വാഹനത്തിലോ ഉള്ള കച്ചവടങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമാവില്ലായെന്നുള്ള ട്രാഫിക് പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണെന്ന് കരട് ബൈലോയില്‍ പറയുന്നു.
വഴിയോരകച്ചവടം അനുവദിച്ചിരിക്കുന്ന നിയന്ത്രിത കച്ചവടമേഖലകളില്‍ വാഹനപാര്‍ക്കിങ് അനുവദിക്കുന്നതല്ല. മാത്രമല്ല ആളുകള്‍ കൂട്ടംകൂടി വഴിയോരകച്ചവടത്തിന് മുന്നില്‍ നിന്ന് കാല്‍നടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കാനും പാടില്ല. വഴിയോരക്കച്ചവടക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍, ചുമതലകള്‍, മാലിന്യപരിപാലനം ശുചിത്വം, മാസപരിപാലനഫീസ്, ലംഘനങ്ങള്‍ക്കുള്ള പിഴ എന്നിവയെ സംബന്ധിച്ചെല്ലാം ബൈലോയില്‍ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച കരട് തെരുവ് കച്ചവട ബൈലോ നഗരസഭാ നോട്ടീസ് ബോര്‍ഡില്‍ പ്രദര്ശിപ്പിച്ചിട്ടുള്ളതായും ബൈലോ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഈ മാസം 20ന് വൈകീട്ട് അഞ്ച് വരെ നഗരസഭ എന്‍.എല്‍.യു.എം വിഭാഗത്തില്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.