മണ്ണാര്‍ക്കാട്: മുറവിളികള്‍ക്കൊടുവില്‍ മണ്ണാര്‍ക്കാട് നഗരസഭ ബസ് സ്റ്റാന്‍ഡിലെ പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. ഇനി മഴയും വെയിലും കൊള്ളാതെ ബസ് കാത്തുനില്ക്കാം. നഗരസഭയില്‍നിന്ന് ഫണ്ട് ചെലവഴിക്കാതെ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് യാത്രക്കാര്‍ക്ക് തണലൊരുക്കിയത്.
കാലപ്പഴക്കം ചെന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം മാസങ്ങള്‍ക്കുമുമ്പാണ് പൊളിച്ചുനീക്കിയത്. പകരം സ്റ്റാന്‍ഡിന് വടക്കുഭാഗത്തായി പുതിയ കാത്തിരിപ്പുകേന്ദ്രവും നഗരസഭ ഒരുക്കി. അട്ടപ്പാടി, തെങ്കര, പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തിയിടുന്നതിന് പിന്നിലാണ് ഇതുള്ളത്. ഇവിടെയിരുന്നാല്‍ സ്റ്റാന്‍ഡിലേക്ക് ബസ് വരുന്നത് കാണാന്‍ കഴിയാത്തതിനാല്‍ ബസില്‍ കയറിപ്പറ്റാൻ പഴയസ്ഥലത്ത് തന്നെയാണ് യാത്രക്കാര്‍ നിന്നിരുന്നത്. മഴസമയങ്ങളില്‍ സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് യാത്രക്കാര്‍ അഭയം കണ്ടെത്തിയത്.
കോഴിക്കോട് ഭാഗത്തേക്കും അലനല്ലൂര്‍, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, കാഞ്ഞിരപ്പുഴ തുടങ്ങിയ ഭാഗങ്ങളിലേക്കുമുള്ള ബസുകള്‍ ദേശീയപാതയില്‍നിന്ന് സ്റ്റാന്‍ഡിലേക്ക് കയറിയിറങ്ങിപോവുകയാണ് ചെയ്യുന്നത്. അതിനാല്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാത്തുനില്ക്കുന്ന യാത്രക്കാർ ഈ ബസുകളിൽ ഓടിക്കയറാന്‍ പ്രയാസപ്പെട്ടിരുന്നു. സ്കൂള്‍, ഓഫിസ് സമയങ്ങളില്‍ വലിയ തിരക്കാണ് സ്റ്റാന്‍ഡില്‍ അനുഭവപ്പെടാറുള്ളത്. പഴയ കാത്തിരിപ്പുകേന്ദ്രം നീക്കിയത് പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടവരുത്തുകയും ചെയ്തിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരവും നടന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് പഴയ കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കുന്ന പണികള്‍ തുടങ്ങിയത്. ഷീറ്റ് മേഞ്ഞിട്ടുണ്ട്. ഇനി ഇരിപ്പിടവും ടി.വിയുമെല്ലാം ഒരുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.