ചിറ്റൂർ: മൂലത്തറ റഗുലേറ്റർ പുനർനിർമാണത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽനിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും സമഗ്ര അന്വേഷണം നേരിടേണ്ടി വരുമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മൂലത്തറ റെഗുലേറ്റർ പുനർനിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റൂർ മണ്ഡലം കമ്മിറ്റി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുക്കുകയായിരുന്നു അദ്ദേഹം.
ഭരണാനുമതിയും സാങ്കേതിക അനുമതിയും ഇല്ലാതെയാണ് മൂലത്തറ ഡാം പുനർനിർമാണം അതിവേഗം നടത്തിയതെന്നും കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. അതിവേഗം ഡാമിന്റെ പുനർനിർമാണം നടത്തിയത് കർഷകരെ സഹായിക്കാനാണ് എന്ന് പറയുന്ന മന്ത്രി കർഷകരുടെ നെല്ല് വില യഥാസമയം നൽകാൻ ശ്രമിച്ചില്ലെന്ന് യോഗത്തിൽ അധ്യക്ഷനായ ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ പറഞ്ഞു.
കർഷകർക്കെന്ന പേരിൽ ഡാം നിർമാണത്തിൽ നടന്ന അഴിമതി മറക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് കെ. മധു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനു ചുള്ളിയൽ, മുതിർന്ന കോൺഗ്രസ് നേതാവ് കെ. ഗോപാലസ്വാമി, സജേഷ് ചന്ദ്രൻ, കെ. രാജമാണിക്യം, ആർ. സദാനന്ദൻ, ആർ. പങ്കജാക്ഷൻ, കെ. മോഹനൻ, മുരളി തറക്കളം, സച്ചിതാനന്ദ ഗോപാലകൃഷ്ണൻ, പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.