ഒറ്റപ്പാലം: കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കിഴക്കേ തോട്ടുപാലം നിർമാണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു. ലഭിച്ച ടെൻഡറുകൾ 20 ന് തുറക്കുമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ അഡ്വ.കെ. പ്രേംകുമാർ അറിയിച്ചതാണ് ആശ്വാസമാകുന്നത്. ഒറ്റപ്പാലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും സമാന്തര പാലം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും. പുതിയ അലൈൻമെൻറ് അനുസരിച്ചാണ് സമാന്തര പാലം നിർമിക്കുകയെന്നും എം.എൽ.എ പറഞ്ഞു.
ലോക ബാങ്കിന്റെ സഹായത്തോടെ രണ്ട് പതിറ്റാണ്ട് മുമ്പ് നിർമാണം ആരംഭിച്ച പാലക്കാട്-കുളപ്പുള്ളി പാതയിലുള്ള തോട്ടുപാലങ്ങളെ അതേപടി നിലനിർത്തിക്കൊണ്ടാണ് പാത പണി പൂർത്തിയാക്കിയത്. ഇതോടെ വീതികൂടിയ പാതയിൽ കുപ്പിക്കഴുത്തായി കണ്ണിയംപുറം, കിഴക്കേ തോട്ടുപാലങ്ങൾ മാറി. ഇരുപാലങ്ങളുടെയും നിർമാണം ഒരുമിച്ച് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി.
കണ്ണിയംപുറത്ത് 4.3 കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ സമാന്തര പാലത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 6ന് നടന്നു. പിന്നേക്ക് തീരുമാനിച്ച ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള കിഴക്കേ തോട്ടുപാലം വിവിധ കാരണങ്ങളാൽ അനിശ്ചിതത്വത്തിലുമായി. പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത പാലത്തിന് 2021 ലെ എസ്റ്റിമേറ്റ് അനുസരിച്ച് 4.18 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം ഇപ്പോൾ 5.80 കൊടിയിലേക്ക് ഉയരുകയും ചെയ്തു. കാലപ്പഴക്കം ബാധിച്ച കിഴക്കേ തോട്ടുപാലത്തിന് താങ്ങാവുന്നതിലേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഒരേ സമയം രണ്ട് വാഹങ്ങൾക്ക് ഒരുമിച്ച് കടന്ന് പോകാൻ കഴിയാത്തത്രയും വീതിക്കുറവ് പാലത്തിനുണ്ട്. ഇതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. 1961 ൽ തുറന്ന് കൊടുത്ത പാലത്തിന് ബലക്ഷയം പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.