ഒറ്റപ്പാലം: ജലക്ഷാമം രൂക്ഷമായ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ജൽജീവൻ പദ്ധതിയിലൂടെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഉൾപ്രദേശങ്ങളിൽ ഉൾെപ്പടെയുള്ള വീടുകളിൽ ഗാർഹിക കണക്ഷൻ നൽകുന്നതിനുള്ള പൈപ്പ് സ്ഥാപിക്കലാണ് പുരോഗമിക്കുന്നത്. അമ്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട പദ്ധതിയാണിത്. നിലവിൽ 4000 കണക്ഷനുള്ളത് പദ്ധതി പൂർത്തിയാകുന്നതോടെ 9000 ആയി ഉയർത്താനാകും.
പുതിയ 5000 കണക്ഷൻ നൽകുന്നതിെൻറ ഭാഗമായി പഞ്ചായത്തിലുടനീളം 160 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും നടത്തിവരുന്നുണ്ട്. ഒന്നാം ഘട്ട സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി മുരുക്കുംപറ്റയിലെ പച്ചിലക്കുണ്ട് ഭാഗത്ത് 8.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി സ്ഥാപിച്ചിരുന്നു. മീറ്റ്നയിലെ ഭാരതപ്പുഴ തടയണയിൽനിന്ന് ഇവിടേക്ക് വെള്ളമെത്തിക്കാനുള്ള പുതിയ പൈപ്പ്ലൈൻ സ്ഥാപിക്കുകയും ചെയ്തിരുന്നു.
10 കോടി രൂപ ചെലവിട്ട പദ്ധതിയുടെ ഉദ്ഘാടനം 2018 മാർച്ചിൽ നടന്നു. 2020 ജനുവരിയിലായിരുന്നു രണ്ടാം ഘട്ട നിർമാണോദ്ഘാടനം. പച്ചിലക്കുണ്ടിലെ ജലസംഭരണിയിൽ നിന്ന് പഞ്ചായത്തിെൻറ വടക്കൻ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പിടലും ജല സംഭരണത്തിനായി കടമ്പൂരിൽ 11.5 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് നിർമാണവും പൂർത്തിയായി. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിക്കായി മീറ്റ്നയിൽ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് പൂർത്തിയാക്കിയത് രണ്ടാം ഘട്ട പദ്ധതിയിലാണ്.
ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത് മുതൽ ഒറ്റപ്പാലം നഗരസഭയുടെ ജലശുദ്ധീകരണ ശാലയിൽ നിന്നാണ് അമ്പലപ്പാറയിലേക്കും ജലമെത്തുന്നത്. അമ്പലപ്പാറയുടെ സ്വന്തം പ്ലാൻറ് പൂർത്തിയാകുന്നതു വരെ ജലം പങ്കിടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ 6.5 ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം ശുദ്ധീകരിച്ച് അമ്പലപ്പാറ പഞ്ചായത്തിൽ എത്തിക്കാനാകുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.