ഒറ്റപ്പാലം: തമിഴ് ആചാരത്തിന്റെ നേർക്കാഴ്ചയായി വള്ളുവനാട്ടിലെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു ഒരുങ്ങി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ബൊമ്മക്കൊലു പൊതുവായി ഇടംപിടിക്കുന്നത് ബ്രാഹ്മണ ഗൃഹങ്ങളിലാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇവക്ക് കൂടുതൽ പ്രാമുഖ്യമുള്ളത്.
തിന്മക്ക് മേലുള്ള നന്മയുടെ വിജയം എന്നതാണ് ബൊമ്മക്കൊലു നൽകുന്ന സന്ദേശം. മഹിഷാസുരനെ നിഗ്രഹിക്കാനായി ദുർഗ, ലക്ഷ്മി, സരസ്വതിമാരുടെ ശക്തി ഏകോപിപ്പിച്ച് അസുര നിഗ്രഹം സാധ്യമാക്കിയതായാണ് ഐതിഹ്യം. ബൊമ്മക്കൊലു ഒരുക്കുന്നത് മരത്തടിയിൽ തീർത്ത പടികളിലാണ്. മുകളിലെ പടിയിൽ ആദ്യ സ്ഥാനം ഗണപതിക്കാണ്. തുടർന്ന് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ദുർഗ, മുരുകൻ , അഷ്ടലക്ഷ്മിമാർ തുടങ്ങിയവർ സ്ഥാനം പിടിക്കും. വാണിഭക്കാരും നവധാന്യങ്ങളും പടികൾക്ക് അടിയിലായി കൂട്ടിനുണ്ടാകും. ആദ്യ മൂന്ന് ദിവസം ദുർഗയും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയും പത്താം ദിവസം വിജയ ദിനവും (വിജയ ദശമി) എന്നതാണ് സങ്കൽപ്പം.
ഒമ്പതാം ദിവസമാണ് വിജയദശമി. എല്ലാവർഷവും പുതിയ ബൊമ്മകൾ ഇതിനായി വാങ്ങണം. ഇവക്കൊപ്പം ആവശ്യമെങ്കിൽ പഴയ ബൊമ്മകൾ കൂടി വെക്കാവുന്നതാണ്. ബൊമ്മക്കൊലുവിന് അണിനിരത്തുന്ന പാവകൾ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് സംഘടിപ്പിക്കാറുള്ളതെന്ന് റിട്ട. അധ്യാപകൻ കണ്ണിയംപുറം പനയംകണ്ടത്ത് മഠത്തിൽ (കനകയിൽ) ബാലകൃഷ്ണൻ തൃക്കങ്ങോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.