ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന കേസിലെ പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ ചാലക്കുടി കോടശ്ശേരി ജെയ്സണെയാണ് (42) കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയത്.
വീടിന്റെ പിൻവശത്തുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് മുൻവാതിൽ തകർത്തെന്നും മോഷ്ടിച്ച സാധനങ്ങൾ വിറ്റതായും ഇയാൾ പൊലീസിന് മൊഴി നൽകി. ചുനങ്ങാട് പിലാത്തറ ആന്തൂർക്കുന്നത്ത് മനയിൽ സുധീറിന്റെ വീട്ടിൽനിന്ന് ഫെബ്രുവരിയിലാണ് നാല് പവൻ സ്വർണവും രണ്ട് വെള്ളി പാദസരങ്ങളും 10,000 രൂപയും മോഷണം പോയത്. സുധീർ കുടുംബസമേതം വീട് പൂട്ടി ആറ്റുകാൽ പൊങ്കാലക്കായി തിരുവനന്തപുരത്തേക്ക് പോയ സമയത്തായിരുന്നു മോഷണം.
മോഷണം നടന്ന വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് കേസിൽ വഴിത്തിരിവായത്. ഇതിൽനിന്നും മോഷ്ടാവ് ജെയ്സൺ ആണെന്ന് സ്ഥിരീകരിച്ചു. ഇതിനിടയിലാണ് സമാനമായ മറ്റൊരു കേസിൽ ഇയാൾ കുന്നംകുളം പൊലീസിന്റെ പിടിയിലായി റിമാൻഡിലുള്ള വിവരം ഒറ്റപ്പാലം പൊലീസ് അറിയുന്നത്.
തുടർന്ന് പൊലീസ് ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കോടതി മുഖേന വിട്ടുകിട്ടിയ ഇയാളെ തിരികെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. എ.എസ്.പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.