ഒറ്റപ്പാലം: ഒടുവിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് ജല അതോറിറ്റി രംഗത്തെത്തി. പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം സുന്ദരയ്യർ റോഡ് ജങ്ഷന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിത്തുടങ്ങിയിട്ട് 11 ദിവസം പിന്നിടുമ്പോഴാണ് ജല അതോറിറ്റിയുടെ തൊഴിലാളികൾ ചോർച്ച അടക്കാനുള്ള ശ്രമം ആരംഭിച്ചത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം ജല അതോറിറ്റി അധികൃതരെ ആദ്യ ദിവസം തന്നെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. ഇതുസംബന്ധിച്ച് ‘മാധ്യമം’ ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പൈപ്പ് പൊട്ടി ആദ്യദിവസങ്ങളിൽ ഒരു ഭാഗത്തുകൂടെ മാത്രമാണ് ജലം ഒഴുകിത്തുടങ്ങിയത്. എന്നാൽ, ദിവസങ്ങൾ പിന്നിടവെ പാതയിലെ ടാറിട്ട രണ്ടുമൂന്ന് ഇടങ്ങളിൽ നിന്നും ഉറവ കണക്കെ ജലം പുറത്തേക്ക് പ്രവഹിച്ചുതുടങ്ങിയിരുന്നു. വെള്ളം പ്രവഹിക്കുന്ന ഭാഗത്ത് ആഴത്തിൽ കുഴിയെടുക്കുന്ന പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്.
പൈപ്പിന്റെ പൊട്ടിയ സ്ഥാനം മുൻകൂട്ടി നിർണയിക്കാൻ കഴിയാത്തതാണ് അറ്റകുറ്റപണിയിലെ വെല്ലുവിളി.
പലപ്പോഴും ഒന്നിലേറെ ആഴക്കുഴികൾ കുഴിച്ചുവേണം ജല ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ. ഏതായാലും അറ്റകുറ്റപ്പണിക്ക് ആളെത്തിയ ആശ്വാസത്തിലാണ് സമീപമുള്ള കച്ചവടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.