ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ ചർച്ചചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും രണ്ട് തട്ടിൽ. 67കാരിയായ അർബുദ രോഗിക്ക് പെൻഷൻ ആവശ്യത്തിനായി സമീപിച്ച വനിത കൗൺസിലർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുന്നതിന് വ്യാജ പരാതി നൽകിയെന്ന ആരോപണവുമായി ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഉൾപ്പെടെയുള്ള ഡോക്ടർമാർക്കെതിരെയും മോശം സേവനം സംബന്ധിച്ചും യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ നിരവധി പരാതികളാണ് ഉന്നയിച്ചത്. എന്നാൽ, സൂപ്രണ്ട് ഉൾപ്പെടെ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവന മികവുകൾ എണ്ണിയെണ്ണി പറഞ്ഞ ഭരണപക്ഷം തെറ്റുകൾ മനുഷ്യസഹജമാണെന്നും പെരുപ്പിച്ചുകാണിച്ച് താലൂക്ക് ആശുപത്രിയും ഡോക്ടർമാരും മോശക്കാരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
നിരപരാധിയായ വനിത കൗൺസിലർക്കെതിരെ വ്യാജ പരാതി നൽകിയ സൂപ്രണ്ട് ഇൻചാർജ് ഡോ. രാധയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ യോഗം തീരുമാനിക്കണമെന്നും ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടു. ആശുപത്രിയിലെ സേവനങ്ങളിലെ പോരായ്മ മൂലമാണ് കൗൺസിലർമാർക്ക് ഇടപെടേണ്ടി വരുന്നതെന്നും നിലവിലെ സൂപ്രണ്ട് ആശുപത്രി ഭരിക്കുന്നേടത്തോളം മുൻകൂർ ജാമ്യം നേടിയേ അവിടേക്ക് പോകാനാവൂ എന്ന അവസ്ഥയാണെന്നും അംഗങ്ങൾ ആരോപിച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കൃത്യമായി വിളിച്ചുചേർക്കാത്തതും തീരുമാനങ്ങൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാത്തതുമാണ് ആശുപത്രിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന ആക്ഷേപവും പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചു. എതിർവാദമുഖങ്ങൾ നിരത്തി ഭരണപക്ഷവും ചെറുത്തുനിന്നു. വനിത കൗൺസിലർ നഗരസഭ അധ്യക്ഷക്ക് പരാതി നൽകാതെ സബ് കലക്ടർക്ക് നൽകിയതുമൂലമാണ് നടപടികൾ വൈകിയതെന്ന് അധ്യക്ഷ കെ. ജാനകിദേവി പറഞ്ഞു. വനിത കൗൺസിലറുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണെന്നിരിക്കെ അവരുടെ രക്ഷക്ക് നിയമോപദേശം തേടാമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു. എന്നാൽ, ഈ തീരുമാനം സ്വീകാര്യമല്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.